തൂണുകൾ ചരിഞ്ഞു, അപകടത്തിലായി നടപ്പാലം
text_fieldsനീലേശ്വരം റെയിൽവേ മേൽപാലത്തിനോട് ചേർന്നുള്ള നടപ്പാതയുടെ അപകടാവസ്ഥയിലായ തൂൺ
നീലേശ്വരം: നീലേശ്വരം റെയിൽവേ സ്റ്റേഷന് സമീപത്തെ റെയിൽവേ മേൽപാലത്തിനോട് ചേർന്നുള്ള നടപ്പാലം ഏത് നിമിഷവും തകർന്നു വീഴാവുന്ന നിലയിൽ. നടപ്പാതയുടെ തൂണുകൾ ചരിഞ്ഞ് ഏതുനിമിഷവും അപകടം സംഭവിക്കുന്ന തരത്തിലാണ് നിൽപ്പ്. മേൽപാലത്തിന്‍റെ കിഴക്കുഭാഗത്തെ നടപ്പാതയിലെ തൂണാണ് ജീവന് ഭീഷണിയായി നിൽക്കുന്നത്. നീലേശ്വരം നഗരത്തിൽ സ്ഥിതി ചെയ്യുന്ന നടപ്പാലം അപകടനിലയിലായിട്ട് ഏറെ നാളുകളായെങ്കിലും നീലേശ്വരം നഗരസഭ അധികൃതർ കണ്ടഭാവമില്ല.
ഈ തൂണിന്‍റെ സമീപത്ത് ഒരു സഹകരണ ആശുപത്രിയും നിരവധി വ്യാപാര സ്ഥാപനങ്ങളും ഓട്ടോസ്റ്റാൻഡുമുണ്ട്. 100 കണക്കിന് സ്കൂൾ വിദ്യാർഥികൾ ഈ നടപ്പാതയിലൂടെയാണ് ദിവസവും കടന്നു പോകുന്നത്. കാഴ്ചയിൽ തന്നെ തൂൺ ചരിഞ്ഞനിലയിൽ ഏതൊരാൾക്കും കാണാൻ സാധിക്കും. മാസങ്ങൾക്കുമുമ്പ് അപകടം മനസ്സിലാക്കിയ സമീപത്തെ ഓട്ടോ ഡ്രൈവർമാർ ഇതിലൂടെയുള്ള പ്രവേശനം വിലക്കിയിരുന്നു. പിന്നീട് റെയിൽവേ വകുപ്പ് ഇടപെട്ട് തൂണിന് താൽകാലിക അറ്റകുറ്റപ്പണികൾ ചെയ്ത ശേഷമാണ് ആളുകളെ പോകാൻ അനുവദിച്ചത്.
ഇത് പൂർണമായും പൊളിച്ചുനീക്കി പുതിയ തൂൺ സ്ഥാപിച്ചാലേ അപകടമൊഴിവാക്കാൻ പറ്റുകയുള്ളു. മേൽപാലത്തിന്‍റെ ഒരു ഭാഗത്ത് മാത്രമാണ് നടപ്പാതയുള്ളത്. പടവുകൾ കയറുന്നതിന് പകരം ഇവിടെ ലിഫ്റ്റ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകൾ റെയിൽവേ അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

