പള്ളിക്കര റെയിൽവേ ഗേറ്റ് ലോറിയിടിച്ച് തകർന്നു
text_fieldsലോറിയിടിച്ചുതകർന്ന പള്ളിക്കര റെയിൽവേ ഗേറ്റ്
നീലേശ്വരം: പള്ളിക്കര റെയില്‍വേ ഗേറ്റ് വാഹനം ഇടിച്ച് തകര്‍ന്നതിനെ തുടര്‍ന്ന് മണിക്കൂറുകളോളം ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. വ്യാഴാഴ്ച രാത്രി എട്ടര മണിയോടെ മത്സ്യം കയറ്റി മംഗളൂരുവിൽനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിടിച്ചാണ് റെയില്‍വേ ഗേറ്റ് തകര്‍ന്നത്. ട്രെയിന്‍ പോകാനായി അടച്ചിട്ട ഗേറ്റാണ് ലോറിയിടിച്ച് തകര്‍ന്നത്.
വന്‍ദുരന്തമാണ് ഒഴിവായത്. അപകടത്തെ തുടര്‍ന്ന് ഇവിടെ മണിക്കൂറുകളോളം ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. പൊലീസും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് ഗതാഗതകുരുക്ക് നീക്കിയത്. അപകടത്തിനിടയാക്കിയ മിനിലോറി നീലേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു.
പിന്നീട് ദേശീയപാതയിലൂടെയുള്ള വാഹനങ്ങള്‍ കോട്ടപ്പുറം പാലം-ചെറുവത്തൂര്‍ വഴിയും പള്ളിക്കര-നീലേശ്വരം വഴിയും തിരിച്ചുവിട്ടാണ് ഗതാഗതകുരുക്ക് പരിഹരിച്ചത്. ഏറെ വൈകി വിദഗ്ധരെത്തിയാണ് ഗേറ്റ് നന്നാക്കിയത്. റെയില്‍വേ മേല്‍പ്പാലം നിര്‍മാണം ആരംഭിച്ചതിനുശേഷം നിരവധിതവണയാണ് വാഹനമിടിച്ച് റെയില്‍വേ ഗേറ്റുകള്‍ തകര്‍ന്നിട്ടുള്ളത്.
ഇടക്കിടെ ഉണ്ടാകുന്ന അപകടം കാരണം നിരവധി വാഹനങ്ങളും ആശുപത്രിയിലേക്ക് പോകുന്ന ആംബുലന്‍സുകളും ഉള്‍പ്പെടെയാണ് ഗതാഗതകുരുക്കില്‍ കുടുങ്ങുന്നത്. ഈ പ്രശ്നം പരിഹരിക്കാന്‍ പള്ളിക്കര മേല്‍പ്പാലത്തിന്റെ പണി ഉടന്‍ പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

