കൃഷി വകുപ്പിന്റെ നാടൻ അരിക്കട അടച്ചുപൂട്ടി
text_fieldsമാർക്കറ്റ് ജങ്ഷനിൽ മത്സ്യ മാർക്കറ്റിന് സമീപത്തുള്ള കൃഷിവകുപ്പിന്റെ അരിക്കട പൂട്ടിയ നിലയിൽ
നീലേശ്വരം: കാർഷിക വികസനക്ഷേമ വകുപ്പ് കൃഷിഭവനുമായി സഹകരിച്ച് നാടൻ കുത്തരി പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയ ഇക്കോ ഷോപ് അടച്ചുപൂട്ടി. രണ്ടുവർഷം മുമ്പാണ് നീലേശ്വരം കൃഷിഭവൻ നാടൻ കുത്തരി പ്രോത്സാഹിപ്പിക്കാൻ മാർക്കറ്റ് റോഡ് ജങ്ഷനിൽ മത്സ്യ മാർക്കറ്റിന് സമീപം അരിക്കട തുടങ്ങിയത്.
തുടക്കത്തിൽ നല്ല രീതിയിൽ പ്രവർത്തിച്ച കടയാണിത്. കടയുടെ നടത്തിപ്പുചുമതല ഓരോ പാടശേഖര സമിതിക്ക് നൽകുകയായിരുന്നു രീതി. ആദ്യം പട്ടേന പാടശേഖര സമിതിക്കാണ് ചുമതല നൽകിയത്. ഒരുമാസം കഴിഞ്ഞതിനുശേഷം ഇവർ കൈയൊഴിഞ്ഞു. പിന്നീട് കൃഷി വകുപ്പിൽനിന്ന് വിരമിച്ച രണ്ട് വ്യക്തികൾക്ക് നൽകി.
നീലേശ്വരം ബ്ലോക്കിൽ രജിസ്റ്റർ ചെയ്ത പാടശേഖര സമിതികൾ നാടൻ കുത്തരി എത്തിച്ചുതരാമെന്ന് പറഞ്ഞെങ്കിലും നെല്ല് പുഴുങ്ങി ഉണക്കാൻ സൗകര്യമില്ലാത്തതിനാൽ പാടശേഖര സമിതിയിൽനിന്ന് അരി യഥാസമയം കിട്ടാതായി. ജോലിക്കാരെ കിട്ടാത്തതിനാൽ പാടശേഖര സമിതിക്കും അരി യഥാസമയം കൊടുക്കാൻ കഴിയാതായി. കടയിലാണെങ്കിൽ ഒരാളുടെ കൂലിയും മറ്റും കൊടുക്കാൻ പറ്റാതായതോടെ നടത്തിപ്പും തടസ്സപ്പെട്ടു. ഇങ്ങനെ അരിക്കട അവസാനം അടച്ചുപൂട്ടേണ്ടിവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

