മുഖ്യമന്ത്രി വാക്കുപാലിച്ചു; മാളവിക ഹാപ്പി
text_fieldsനവീകരിക്കുന്ന കക്കാട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനം
നീലേശ്വരം: 2025 ആഗസ്റ്റ് 19ന് തിരുവനന്തപുരത്തുവെച്ച് മുഖ്യമന്ത്രിയോട് ഇന്ത്യൻ വനിത ഫുട്ബാൾ താരം പി. മാളവിക രണ്ട് ആവശ്യങ്ങൾ പറഞ്ഞു. ഒന്ന്, താൻ ഉൾപ്പെടെയുള്ള ദേശീയ-സംസ്ഥാന താരങ്ങൾ പരിശീലനം നേടുന്ന കക്കാട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മൈതാനം ആധുനിക സൗകര്യങ്ങളോടുകൂടി നവീകരിക്കണമെന്നും പഠിച്ചുകഴിഞ്ഞാൽ ഒരു ജോലി വേണമെന്നും. ഇതിൽ ഒരാവശ്യത്തിൽ ആറുമാസത്തിനകംതന്നെ മുഖ്യമന്ത്രി വാക്കുപാലിച്ചു.
2026 ജനുവരി 29ന് നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനം നവീകരിക്കുന്നതിന് ഒരു കോടി രൂപ അനുവദിച്ചു. പ്രാരംഭ നടപടിപ്രവർത്തനങ്ങൾക്കായി 20 ലക്ഷം രൂപ നീക്കിവെക്കുകയും ചെയ്തു.
മണ്ണും ചരളും നിറഞ്ഞ കക്കാട്ട് സ്കൂൾ മൈതാനത്ത് കളിച്ചുവളർന്ന മടിക്കൈ ബങ്കളത്തെ പി. മാളവിക ഇപ്പോൾ ഇന്ത്യൻ വനിത സീനിയർ ഫുട്ബാൾ ടീമംഗമാണ്. ഒന്നാം ക്ലാസ് മുതൽ പ്ലസ് ടുവരെ വീടിനടുത്തുള്ള കക്കാട്ട് സ്കൂളിലായിരുന്നു മാളവികയുടെ പഠനം. ബങ്കളത്തെ പെൺകരുത്തിനെ ഇന്ത്യൻ ഫുട്ബാൾ ചരിത്രത്തിൽ അടയാളപ്പെടുത്താൻ മിനുക്കിയെടുത്തത് നിധീഷ് ബങ്കളമെന്ന പരിശീലകനാണ്. 2025 ജൂൺ 23ന് നടന്ന ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിൽ വലത് വിങ്ങിൽ 22ാം നമ്പർ ജഴ്സിയിൽ മംഗോളിയക്കെതിരെ ഇന്ത്യക്കുവേണ്ടി ഒരു ഗോൾ നേടി തന്റെ സാന്നിധ്യമുറപ്പിച്ചു മാളവിക. യോഗ്യത മത്സരത്തിൽ ഗ്രൂപ്പിലെ മുഴുവൻ രാജ്യങ്ങളെയും പരാജയപ്പെടുത്തി മാളവിക ഉൾപ്പെടുന്ന ഇന്ത്യൻ വനിത ടീം അങ്ങനെ ഏഷ്യൻ കപ്പ് ഫുട്ബാൾ യോഗ്യതനേടി ചരിത്രത്തിൽ ഇടംപിടിച്ചു.
25 വർഷത്തിനുശേഷമാണ് ഒരു മലയാളി വനിത ഇന്ത്യൻ ടീമിൽ ഇടംപിടിക്കുന്നത്. കക്കാട്ട് സ്കൂളിൽ അഞ്ചിൽ പഠിക്കുമ്പോഴാണ് ആദ്യമായി മാളവിക ബൂട്ടണിഞ്ഞത്. ട്രാവൻകൂർ എഫ്.സി, തമിഴ്നാട് എഫ്.സി, കേരള ബ്ലാസ്റ്റേഴ്സ്, മിസാ കെ യുനൈറ്റഡ് ബംഗളൂരു, കൊൽക്കത്ത റെയിൻബോ അത്‍ലറ്റിക് ക്ലബ് തുടങ്ങിയിടങ്ങളിൽ കാൽപന്തുകളിയിൽ മിന്നിത്തിളങ്ങിയിരുന്നു. 11ാം വയസ്സിൽ പിതാവ് പ്രസാദ് മരിച്ചതോടെ മാതാവ് മീനയാണ് മകൾക്ക് പൂർണ പിന്തുണ നൽകുന്നത്. 21കാരിയായ മാളവിക ഇപ്പോൾ തൃശൂർ കാർമൽ കോളജിൽ ബി.കോം ബിരുദ വിദ്യാർഥിയാണ്.
2026 മാർച്ചിൽ ആസ്ട്രേലിയയിൽ നടക്കുന്ന ഏഷ്യൻ കപ്പ് മത്സരത്തിൽ ഇന്ത്യൻ ടീം പരിശീലനത്തിന് പുറപ്പെടാൻ തയാറായിക്കൊണ്ടിരിക്കുകയാണ്. കേരള ഫുട്ബാൾ അസോസിയേഷന്റെ മികച്ച ഫുട്ബാൾ താരത്തിനുള്ള അവാർഡും മാളവികക്ക് ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

