നഗരസഭ ബസ് സ്റ്റാൻഡ് സമുച്ചയത്തിന് സാങ്കേതികാനുമതി
text_fieldsനീലേശ്വരം നഗരസഭ ബസ് സ്റ്റാൻറ് സമുച്ചയത്തിെൻറ രൂപരേഖ
നീലേശ്വരം: നഗരസഭ ഭരണസമിതി പൊതുജനങ്ങളിൽനിന്ന് ഏറ്റവുമധികം പഴികേട്ട നീലേശ്വരം നഗരസഭ ബസ് സ്റ്റാൻഡ് സമുച്ചയ നിർമാണത്തിന് സാങ്കേതികാനുമതി ലഭിച്ചു. സംസ്ഥാന ചീഫ് എക്സിക്യൂട്ടീവ് എൻജിനീയറാണ് അനുമതി നല്‍കിയത്. ഇനി ടെൻഡര്‍ നടപടികള്‍ ആരംഭിക്കും.
ടെൻഡര്‍ നടപടികൾ പൂർത്തീകരിച്ച് ഈ വര്‍ഷംതന്നെ തറക്കല്ലിടാനാണ് നീക്കമെന്ന് നഗരസഭ ചെയര്പേഴ്സൻ ടി.വി. ശാന്ത, വൈസ് ചെയര്മാന് പി.പി. മുഹമ്മദ് റാഫി, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് കെ.പി. രവീന്ദ്രന് എന്നിവര്‍ പറഞ്ഞു.
ബസ് സ്റ്റാൻഡ് നിർമാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി നഗരസഭ 50 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. 18 കോടി രൂപയിലാണ് ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ ബസ് സ്റ്റാൻഡ് സമുച്ചയം പണിയുന്നത്.
92 സെന്റില്‍ 36,500 ചതുരശ്ര അടിയിലാണ് നിർമാണം. മൂന്നുനിലകളോടുകൂടിയ കെട്ടിട സമുച്ചയത്തില്‍ താഴത്തെനിലയില്‍ 16 കടമുറികളും ഒന്നാം നിലയില്‍ 28 കടമുറികളും രണ്ടാംനിലയില്‍ പത്ത് കടമുറികളുമാണുള്ളത്. ഇവിടെ ഓഫിസ് മുറികളും കടമുറികളുമടക്കം ഏഴുമുറികളും പ്ലാനിലുണ്ട്. ഇതിന് മുകളിലായി 8000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കോണ്‍ഫറന്‍സ് ഹാള്‍ സൗകര്യവും ഉണ്ടാകും.
ഓട്ടോറിക്ഷകള്‍ക്ക് അണ്ടര്‍ പാര്‍ക്കിങ് സംവിധാനവും ബേസ്മെന്റ് നിലയിൽ കാറുകള്‍ക്കും മറ്റു വാഹനങ്ങള്‍ക്കും വിപുലമായ പാര്‍ക്കിങ് സംവിധാനവുമൊക്കെയാണ് രൂപരേഖയിലുള്ളത്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് കാഞ്ഞങ്ങാട്ടെ ആർക്കിടെക്ട് ദാമോദര്‍ അസോസിയറ്റ്സാണ് രൂപരേഖ തയാറാക്കിയത്.