മതമൈത്രിയുടെ പള്ളിവാതിൽ ക്ഷേത്രസ്ഥാനികർ തുറന്നു
text_fieldsപരപ്പ കമ്മാടം മഖാം വാതിൽ നെരോത്ത് പെരട്ടൂർ ക്ഷേത്രസ്ഥാനികൻ തുറക്കുന്നു
നീലേശ്വരം: മതസൗഹാർദത്തിന്റെ ഈറ്റില്ലമായ പരപ്പ കമ്മാടം പള്ളിയിൽ മൈത്രിയുടെ സ്നേഹവാതിൽ തുറന്ന് പെരട്ടൂര്‍ കൂലോത്തെ സ്ഥാനികർ. മക്‌ബറക്കുമുന്നില്‍ നെരോത്ത് പെരട്ടൂർ കൂലോം ഇളയച്ഛൻ കുഞ്ഞികൃഷ്ണൻ പ്രാർഥനാനിരതനായി നിന്നപ്പോള്‍ ചുറ്റുമുയര്‍ന്നത് സാഹോദര്യത്തിന്റെ ശാന്തിമന്ത്രം.
പരപ്പ ഇടത്തോട് നെരോത്ത് പെരട്ടൂര്‍ കൂലോം ക്ഷേത്രത്തിനും പരപ്പ കമ്മാടം പള്ളിക്കും പറയാനുള്ളത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രം. കമ്മാടം മഖാം ഉറൂസിന്റെ ഭാഗമായാണ് നെരോത്ത് പെരട്ടൂര്‍ കൂലോം ക്ഷേത്രത്തില്‍ നിന്നുള്ള പ്രധാന സ്ഥാനികന്‍ നെരോത്ത് പെരട്ടൂര്‍ കുഞ്ഞികൃഷ്ണൻ, പെരട്ടൂർ രാമനാഥൻ, ക്ഷേത്രം സെക്രട്ടറി സുരേഷ് ബാബു, പെരട്ടൂർ രത്നാകരൻ എന്നിവർ കമ്മാടം മഖാമിലെത്തി പ്രാർഥന നടത്തി ഭണ്ഡാരം കണ്ട് കാണിക്കയിട്ടത്. അശാന്തിയുടെ ഇരുള്‍ പടരുന്ന കാലത്ത് നാട്ടില്‍ നടന്ന ഈ ചടങ്ങ് ആധിപൂണ്ട മനുഷ്യരില്‍ ശാന്തിയും സമാധാനവും പകര്‍ന്നു. നൂറ്റാണ്ടുകള്‍ പിന്നിടുന്ന മതസൗഹാർദ മഹിമ പുതുക്കുന്ന ഉറൂസിന്‍റെ തുടക്കമിടല്‍ ചടങ്ങുകൂടിയായിരുന്നു അത്. പെരട്ടൂർ ക്ഷേത്രത്തിൽനിന്ന് എട്ടു കിലോമീറ്ററോളം കാൽനടയായാണ് ഇവർ കമ്മാടം പള്ളിയിലെത്തിയത്. സംഘത്തെ ജുമുഅ നമസ്‌കാരം കഴിഞ്ഞെത്തിയ ജമാഅത്ത് സെക്രട്ടറി താജുദ്ദീൻ കമ്മാടം, പ്രസിഡന്റ് സുൽഫിക്കർ കമ്മാടം, ട്രഷറർ ഷാനവാസ് കാരാട്ട്, യു.വി. മുഹമ്മദ് കുഞ്ഞി, മഹമൂദ് കമ്മാടം, സുബൈർ നെല്ലിയര, മറ്റ് ഉറൂസ് കമ്മിറ്റി ഭാരവാഹികൾ എന്നിവർ ചേർന്ന് പള്ളിയങ്കണത്തില്‍ സ്വീകരിച്ച് മഖാമിലേക്ക് ആനയിച്ചു. മഖാമിന്റെ തക്കോല്‍കൂട്ടം സ്ഥാനികന് കൈമാറി.
ചില്ലുവാതില്‍ തുറന്ന അദ്ദേഹം മഖാമിനെ വണങ്ങി 501 പണം കാണിക്കയിട്ട് പ്രാർഥിച്ചു. പള്ളിക്കമ്മിറ്റി ഭാരവാഹികൾ കാഴ്ചക്കുല നെരോത്തച്ഛന് സമർപ്പിച്ചു. രണ്ട് പതിറ്റാണ്ടായി തുടര്‍ന്നുപോരുന്നതാണ് ഈ ചടങ്ങ്. എല്ലാ പൂരോത്സവക്കാലത്തും ഉറൂസ് നേര്‍ച്ചയുടെ നാളറിയിക്കാന്‍ പള്ളിയില്‍നിന്ന് പെരട്ടൂര്‍ ക്ഷേത്രത്തിലേക്ക് പോകുന്ന ചടങ്ങുമുണ്ട്. ഇക്കഴിഞ്ഞ പൂരക്കാലത്തും കമ്മാടം പള്ളിമുക്രി, നെരോത്ത് പെരട്ടൂര്‍ കൂലോത്തെത്തിയിരുന്നു. ക്ഷേത്രത്തിലെത്തുന്ന മുക്രിയെ സ്വീകരിച്ച്, ഉറൂസിന് നേര്‍ച്ചയായി കോഴിയും പണവും നല്‍കിയാണ് തിരിച്ചയക്കുക.
ഉറഞ്ഞുതുള്ളുന്ന വെളിച്ചപ്പാട്, പള്ളിയിലെ ബാങ്കും വെളിച്ചവും എല്ലായ്‌പ്പോഴും അണയാതെ നിര്‍ത്തണമെന്ന് മൊഴിഞ്ഞാണ് മുക്രിയെ യാത്രയാക്കുന്നത്. മഖാം ഉറൂസിന്റെ ഭാഗമായി നടന്ന സൗഹൃദ സംഗമത്തിൽ സുല്‍ഫിക്കര്‍ കമ്മാടം അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് സി. കുഞ്ഞമ്മദ് പാലക്കി ഉദ്ഘാടനം ചെയ്തു. നെരോത്ത് ക്ഷേത്ര സമിതി സെക്രട്ടറി രാമനാഥന്‍, സംയുക്ത ജമാഅത്ത് മറ്റ് ഭാരവാഹികളായ മുബാറക് ഹസൈനാര്‍ ഹാജി, സുറൂര്‍ മൊയ്തു ഹാജി, ബഷീര്‍ ആറങ്ങാടി, ജാതിയില്‍ ഹസൈനാര്‍, ലത്തീഫ് അടുക്കം, സി.എച്ച്. കുഞ്ഞബ്ദുല്ല ചായ്യോം, ഇബ്രാഹിം ഒടയംചാല്‍ എന്നിവരും സംബന്ധിച്ചു. നേരത്തെ മഖാം സിയാറത്തിനുശേഷം കമ്മാടം ജമാഅത്ത് മുത്തവല്ലി കെ.പി. അബ്ദുല്‍ റഹിമാന്‍ ഹാജി കമ്മാടം പതാകയുയര്‍ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

