ചെമ്മാക്കരക്കാർ ആഴ്ചയിലൊരുദിനം വെള്ളം കുടിച്ചാൽ മതിയോ?
text_fieldsനീലേശ്വരം ചെമ്മാക്കര
കുടിവെള്ള പദ്ധതി
നീലേശ്വരം: ശുദ്ധമായ കുടിവെള്ളത്തിനായുള്ള നാട്ടുകാരുടെ വർഷങ്ങളായുള്ള മോഹങ്ങൾക്ക് പരിഹാരം കണ്ടിട്ടും വീണ്ടും കുടിവെള്ളത്തിനായി ഓടുകയാണ് ഒരു തീരദേശ ഗ്രാമം. നീലേശ്വരം നഗരസഭയിലെ ചെമ്മാക്കരയിലെ 65 കുടുംബങ്ങളാണ് കുടിവെളളത്തിനായി നെട്ടോട്ടമോടുന്നത്.
വർഷങ്ങൾ നീണ്ട മുറവിളിക്കുശേഷം നഗരസഭ മുൻകൈയെടുത്ത് വാട്ടർ അതോറിറ്റി വകുപ്പാണ് കുടിവെള്ള പദ്ധതിക്ക് തുടക്കംകുറിച്ചത്. അങ്ങനെ 43 ലക്ഷം ചെലവഴിച്ച് ചെമ്മാക്കര കുടിവെള്ള പദ്ധതി യാഥാർഥ്യമാക്കി.
2022 ആഗസ്റ്റ് 22ന് എം. രാജഗോപാലൻ എം.എൽ.എയാണ് കുടിവെള്ളപദ്ധതി നാടിന് സമർപ്പിച്ചത്. എന്നാൽ, രണ്ടാഴ്ച മാത്രമാണ് ഈ പദ്ധതിയിൽനിന്ന് നാട്ടുകാർക്ക് കുടിവെള്ളം ലഭിച്ചത്. മോട്ടോർവഴി പമ്പ് ചെയ്ത് പൈപ്പുവഴി ഓരോ വീട്ടിലേക്കും കുടിവെള്ളം എത്തിക്കുന്ന പദ്ധതിയാണ് ഇപ്പോൾ താളംതെറ്റിയത്.
കിണറിലെ വെള്ളത്തിന്റെ ഉറവ വരുന്നത് കുറഞ്ഞതോടെ പമ്പുചെയ്യുന്ന സമയം ക്രമീകരിച്ചു. ഇപ്പോൾ ആഴ്ചയിൽ ഞായറാഴ്ച മാത്രമാണ് ചെമ്മാക്കരയിലെ കുടുംബങ്ങൾക്ക് കുടിവെള്ളം ലഭിക്കുന്നത്. രാവിലെ 7.30 മുതൽ പത്തുവരെ മാത്രം വെള്ളം ലഭിക്കും.
ഇങ്ങനെ ഒരു ദിവസം കിട്ടിയാൽ എങ്ങനെ കുടിക്കാനും ഭക്ഷണം പാകംചെയ്യാനും സാധിക്കുമെന്നാണ് ഇവർ ചോദിക്കുന്നത്. അഥവാ വീട്ടുമുറ്റത്ത് ഒരു കിണർ കുഴിച്ചാൽ ഇളംമഞ്ഞ നിറത്തിലുള്ള ഉപ്പുരസം കലർന്ന വെള്ളമാണ് ലഭിക്കുന്നത്.
ഈ വെള്ളമാണ് കുട്ടികൾ മുതൽ പ്രായമായവർവരെ മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. ഇതുപയോഗിച്ച് കുളിച്ചാൽ ശരീരം മുഴുവൻ ചൊറിച്ചിൽ വരുന്നതായി നാട്ടുകാർ പറഞ്ഞു. കിണറിന്റെ ആഴം വർധിപ്പിച്ച് ദിവസവും മുടങ്ങാതെ കുടിവെള്ളം ലഭ്യമാക്കാനുള്ള നടപടികൾ വാട്ടർ അതോറിറ്റി വകുപ്പ് കൈക്കൊള്ളണമെന്നാണ് ചെമ്മാക്കര നിവാസികൾ ആവശ്യപ്പെടുന്നത്.