ഇവിടെ മണ്ണൂലിക്ക് സുഖവാസം
text_fieldsഅപൂർവ ഇനത്തിൽപെട്ട മണ്ണൂലിയുമൊത്ത് ദിവാകരൻ കടിഞ്ഞിമൂല പറമ്പിൽ
നീലേശ്വരം: വംശനാശ ഭീഷണി നേരിടുന്ന മണ്ണൂലി പാമ്പിന് നീലേശ്വരം കടിഞ്ഞിമൂലയിൽ കെ.വി. ദിവാകരന്റെ വീട്ടുപറമ്പിൽ സുഖവാസം. അപൂർവമായ ജീവിയെ കണ്ടപ്പോൾ കൗതുകം തോന്നിയ ഇയാൾ, ഫോട്ടോയെടുത്ത് വനംവകുപ്പിലെ ഉദ്യോഗസ്ഥർക്കും ജന്തുശാസ്ത്രജ്ഞന്മാർക്കും അയച്ചുകൊടുത്തപ്പോഴാണ് അതിഥി ചില്ലറക്കാരനല്ലെന്ന് മനസ്സിലായത്.
കാഴ്ചയിൽ പെരുമ്പാമ്പിനോടും അണലിയോടും സാദ്യശ്യമുള്ള വിഷമില്ലാത്ത പാമ്പാണ് മണ്ണൂലി. മണ്ണിനടിയിൽ കൂടുതൽ സമയം ചെലവഴിക്കുന്നതുകൊണ്ടാണ് മണ്ണൂലി എന്ന പേരു കിട്ടിയത്. എറിക്സ് ജോണി എന്നാണ് ശാസ്ത്രനാമം.
ഇന്ത്യൻ സാൻഡ് ബോ, ഇന്ത്യൻ റെഡ് ബോ എന്നീ പേരുകളുമുണ്ട്. അരമീറ്ററോളം നീളം വരും. ഒരു പ്രസവത്തിൽ പതിനാലോളം കുഞ്ഞുങ്ങളുണ്ടാകും. ചേനത്തണ്ടൻ എന്ന് തെറ്റിദ്ധരിച്ച് തല്ലിക്കൊല്ലുന്നതാണ് മണ്ണൂലിയുടെ ജീവന് പ്രധാന ഭീഷണി.
കൃഷിയെ നശിപ്പിക്കുന്ന പുഴുക്കളെ തിന്നുന്നതുകൊണ്ട് കർഷകന്റെ ഉറ്റമിത്രമാണ്. മണ്ണിനടിയിലെ വേരുതീനി പുഴുക്കളും ചാണകപ്പുഴുക്കളും ചെറിയ ഇനം എലികളും പാമ്പുകളുമാണ് ഭക്ഷണം. ഉപദ്രവകാരികളല്ലാത്ത ശാന്തസ്വഭാവത്തിൽപെട്ട പാമ്പുവർഗമായ മണ്ണൂലിയെ ദിവാകരന്റെ പറമ്പിൽ വിടാനാണ് വനംവകുപ്പിൽ നിന്ന് കിട്ടിയ ഉപദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

