രജനി കൊലപാതകം; രണ്ട് പ്രതികളും കുറ്റക്കാർ
text_fieldsRepresentational Image
നീലേശ്വരം: ചെറുവത്തൂരിലെ ഹോം നഴ്സ് സ്ഥാപന പാർട്ണർ തൃക്കരിപ്പൂർ ഒളവറയിലെ രജനിയെ കൊന്ന് കുഴിച്ചുമൂടിയ കേസിലെ രണ്ടു പ്രതികളും കുറ്റക്കാരാണെന്ന് കാസർകോട് ജില്ല അഡീഷനൽ സെഷൻസ് കോടതി കണ്ടെത്തി. കേസിലെ പ്രതികളായ രജനിയുടെ പാർട്ണറും നീലേശ്വരം കണിച്ചിറ സ്വദേശിയുമായ സതീശനും സുഹൃത്ത് മാഹി സ്വദേശി ബെന്നിയെയുമാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
2014 സെപ്റ്റംബർ 12 ന് പുലർച്ചെയാണ് കൊലപാതകം നടന്നത്. ചെറുവത്തൂർ ബസ് സ്റ്റാൻഡിന് സമീപത്ത് രജനിയും സതീശനും ചേർന്ന് മദർ തെരേസ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ ഹോം നഴ്സിങ് സ്ഥാപനം നടത്തിയിരുന്നു. ഇവിടെ വെച്ചാണ് കൊല നടന്നത്. അന്ന് പുലർച്ച തന്നെ കല്യാണം കഴിക്കണമെന്ന് രജനി സതീശനോട് ആവശ്യപ്പെട്ടു.
ഇതിന്റെ പേരിൽ വാക്കേറ്റം നടക്കുകയും സതീശന്റെ അടിയേറ്റ് രജനി വാതിലിൽ തലയിടിച്ച് വീഴുകയും ചെയ്തു. പിന്നീട് സതീശൻ രജനിയെ കഴുത്തുഞെരിച്ച് കൊന്ന് മൃതദേഹം അവിടെ തന്നെ സൂക്ഷിക്കുകയും സെപ്റ്റംബർ 14 ന് പുലർച്ച ബെന്നിയുടെ സഹായത്തോടെ ഇവിടെനിന്നും മൃതദേഹം സതീശൻ നേരത്തെ താമസിച്ചിരുന്ന കണിച്ചിറയിലെ വീടിനടുത്തുള്ള കുറ്റിക്കാട്ടിൽ കുഴിച്ചു മൂടുകയായിരുന്നു.
അന്ന് നീലേശ്വരം സി.ഐ. ആയിരുന്ന യു. പ്രേമന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തി കുഴിച്ചിട്ട മൃതദേഹം കണ്ടെത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ഇ. ലോഹിതാക്ഷനും അഡ്വ.പി. രാഘവനും ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

