രജനി വധം: ഒന്നാം പ്രതി സതീശന് ജീവപര്യന്തം
text_fieldsരജനി വധക്കേസിലെ പ്രതികൾ
നീലേശ്വരം: ചെറുവത്തൂരിലെ ഹോം നഴ്സ് സ്ഥാപനത്തിന്റെ പാർട്ണർ തൃക്കരിപ്പൂര്‍ ഒളവറയിലെ രജനിയെ(35) കഴുത്ത് ഞെരിച്ച് കുഴിച്ചുമൂടിയ കേസില്‍ ഒന്നാംപ്രതിയെ ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും രണ്ടാം പ്രതിയെ അഞ്ചുവർഷം തടവും ഒരു ലക്ഷം രൂപ പിഴയടക്കാനും കാസര്‍കോട് ജില്ല സെഷന്‍സ് കോടതി (ഒന്ന്) ശിക്ഷിച്ചു.
കേസിലെ മുഖ്യപ്രതി രജനിയുടെ പാര്‍ട്ണറും നീലേശ്വരം കണിച്ചിറ സ്വദേശിയുമായ സതീശനേയും(41), രണ്ടാം പ്രതി രജനിയുടെയും സതീശന്റെയും സുഹൃത്തും ട്രസ്റ്റിന്റെ പ്രസിഡന്റുമായ മാഹി സ്വദേശി ബെന്നിയേയുമാണ് കോടതി ശിക്ഷിച്ചത്.
രജനി
നീലേശ്വരം പൊലീസ് ഇന്‍സ്പെക്ടറായിരുന്ന യു. പ്രേമനാണ് കേസ് അന്വേഷിച്ചത്. 2014 സെപ്റ്റംബര്‍ 12ന് രജനിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് കണ്ണന് പരാതി നല്‍കുകയായിരുന്നു. കേസ് അന്വേഷിച്ച നീലേശ്വരം സി.ഐ യു. പ്രേമന് രജനിയുടെ ഫോണ്‍കോളുകള്‍ പരിശോധിച്ചപ്പോൾ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു.
സുഹൃത്തായ സതീശനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ചെറുവത്തൂര്‍ ബസ് സ്റ്റാൻഡിന് സമീപത്തെ എം.സി. ക്വാര്‍ട്ടേഴ്സിലെ ഇരുനില കെട്ടിടത്തിലാണ് രജനിയും സതീശനും ഹോംനഴ്സ് സ്ഥാപനം നടത്തിയത്. പലപ്പോഴും ഇരുവരും ഇവിടെ രാത്രി താമസിക്കാറുമുണ്ട്. സെപ്റ്റംബര്‍ 11ന് രാത്രി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തന്നെ കല്യാണം കഴിക്കണമെന്ന് രജനി ആവശ്യപ്പെട്ടെങ്കിലും സതീശന് തയാറായില്ല.
തര്‍ക്കത്തിനിടെ സതീശന്റെ അടിയേറ്റു രജനി ഡോറിന് തലയിടിച്ച് ബോധരഹിതയായി വീണു. താഴെവീണ രജനിയുടെ കഴുത്ത് പിടിച്ച് സതീശന് കൊലപ്പെടുത്തുകയായിരുന്നു. ബെന്നിയുടെ സഹായത്തോടെ രജനിയുടെ മൃതദേഹം കണിച്ചിറയില്‍ സതീശന് മുമ്പ് താമസിച്ചിരുന്ന വീടിനടുത്തുള്ള കുറ്റിക്കാട്ടില്‍ കുഴിച്ചുമൂടി.
മൃതദേഹം പുറത്തെടുത്ത് പരിയാരം മെഡിക്കല്‍ കോളജിൽ പോസ്റ്റുമോര്‍ട്ടം ചെയ്തു. 2014 ഡിസംബര്‍ 23ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 47 സാക്ഷികളെ കോടതി വിസ്തരിക്കുകയും 92 രേഖകള്‍ പരിശോധിക്കുകയും ചെയ്തു. ചന്തേര എസ്.ഐ. പി.ആര്. മനോജ്, ഗ്രേഡ് എസ്.ഐ. മോഹനന്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ദിവാകരന്, കുമാരന്, ദിനേശ് രാജ് എന്നിവരും കേസ് അന്വേഷിച്ച സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഇ. ലോഹിതാക്ഷന്, പി. രാഘവന് എന്നിവര്‍ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

