പൊലീസിനെ ആക്രമിച്ചു; പ്രതി അറസ്റ്റിൽ
text_fieldsസന്തോഷ്
നീലേശ്വരം: നീലേശ്വരം പോലീസ് സ്റ്റേഷനില്‍ ലോറി ഡ്രൈവർ നടത്തിയ അക്രമത്തിൽ എസ്.ഐക്കും പൊലീസിനും പരിക്ക്. ചായ്യോത്ത് മാനൂരിയിലെ കിഴക്കേവീട്ടിൽ കെ.വി. സന്തോഷ് (40) ആണ് പിടിയിലായത്. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. ആക്രമണം നടത്തിയ പ്രതിയെ സ്റ്റേഷനലുണ്ടായിരുന്ന പൊലീസുകാർ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്.പരിക്കേറ്റ പൊലീസ് ഓഫിസർമാരുടെ പരാതിയിൽ കേസെടുത്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പരാതി നൽകാനുണ്ടെന്നു പറഞ്ഞാണ് സന്തോഷ് സ്റ്റേഷനിലെത്തിയത്.
പരാതി എഴുതി നൽകാൻ പി.ആർ.ഒ. ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ. പ്രകാശൻ ആവശ്യപ്പെട്ടു.എന്നാൽ, മദ്യലഹരിയിലായിരുന്ന സന്തോഷ് പരാതി എഴുതി നൽകാൻ തയാറാകാതെ പി.ആർ.ഒ ഓഫിസ് മുറിയിലെ കസേരയും മറ്റും വലിച്ചെറിയുകയായിരുന്നെന്ന് കേസിൽ പറയുന്നു. ബഹളം കേട്ട് ഓടിയെത്തിയ എസ്.ഐ. അരുൺ മോഹന്റെ കോളറിൽ പ്രതി പിടിക്കുകയും യൂനിഫോമിലെ നെയിംപ്ലേറ്റ് പിടിച്ചു പറിച്ച് കൈയേറ്റം ചെയ്യുകയും ചെയ്തു. തടയാൻ ചെന്നപ്പോഴാണ് സിവിൽ പൊലീസ് ഓഫിസർ നിതീഷിനെ ആക്രമിച്ചത്. സ്റ്റേഷനിൽ ഉണ്ടായിരുന്ന മറ്റു പൊലീസുകാർ ബലം പ്രയോഗിച്ചാണ് സന്തോഷിനെ കീഴടക്കിയത്. പരിക്കേറ്റ പൊലീസുകാർ നീലേശ്വരം താലൂക്കാശുപത്രിയിൽ ചികിത്സ തേടി.

