സ്ലാബില്ല, കാൽനട യാത്രക്കാർ ഓവുചാലിൽ
text_fieldsരാജാറോഡിലെ പോസ്റ്റ് ഓഫിസിന് സമീപം പൊട്ടിയ സ്ലാബ്
ഓവുചാലിൽ ഇറക്കിെവച്ച നിലയിൽ
നീലേശ്വരം: കാൽനടയാത്രക്കാർക്ക് ഭീഷണിയാവുകയാണ് നിലേശ്വരത്തെ നടപ്പാതകൾ. നഗരത്തിലെ ചില ഓവുചാലുകൾക്ക് മുകളിൽ സ്ലാബില്ലാത്തത് അപകടങ്ങൾക്ക് കാരണമാകുന്നു. നീലേശ്വരത്ത് ഏറെ തിരക്കുള്ള രാജ റോഡിന് സമീപത്തെ ഓവുചാലിന് മുകളിൽ ഉണ്ടായിരുന്ന സ്ലാബ് തകർന്നതാണ് കാൽനടയാത്രക്കാർക്ക് പൊല്ലാപ്പായത്. യാത്രക്കാരുടെ കാൽ സ്ലാബിനുള്ളിൽ സ്ഥിരമായി കുടുങ്ങുന്നതുമൂലം നഗരസഭ ശുചീകരണ തൊഴിലാളികൾ സ്ലാബ് ഓവുചാലിനുള്ളിൽ ഇറക്കിവെച്ച നിലയിലാണ്. ഇതുമൂലം ഇപ്പോൾ ആളുകൾ ഓവുചാലിൽതന്നെ വീഴുന്ന സ്ഥിതിയായി.
നിരവധി പേർ കുഴിയിൽ വീണ് കാലിന് പരിക്ക് പറ്റിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് സമീപത്തെ വ്യാപാരികളും സാക്ഷ്യപ്പെടുത്തുന്നു. നീലേശ്വരം ഹെഡ് പോസ്റ്റ് ഓഫിസിന് സമീപത്താണ് ഈ അപകട ഓവുചാലുള്ളത്. കൂടാതെ റെയിൽവേ സ്റ്റേഷൻ, രാജാസ് ഹയർസെക്കൻഡറി സ്കൂൾ, സപ്ലൈകോ, ആശുപത്രി എന്നിവിടങ്ങളിലേക്ക് പോകുന്നവർക്കും ഓവുചാൽ ഭീഷണിയാവുകയാണ്. നഗരസഭ അധികൃതർ ഇടപെട്ട് പുതിയ സ്ലാബ് സ്ഥാപിച്ച് പ്രശ്നപരിഹാരം കാണമെന്നാണ് സമീപത്തെ വ്യാപാരികളുടെ ആവശ്യം.

