പള്ളിക്കര മേൽപാലം ആറുവരിപ്പാത പ്രവൃത്തി പുരോഗമിക്കുന്നു
text_fieldsനീലേശ്വരം: ദേശീയപാത ആറുവരിപ്പാത പ്രവൃത്തി നീലേശ്വരത്ത് പുരോഗമിക്കുന്നു. പള്ളിക്കര മേൽപാലത്തിനു മുകളിലാണ് ആദ്യ ആറുവരി നിർമാണം പുരോഗമിക്കുന്നത്.
വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പള്ളിക്കര റെയിൽവേ മേൽപാലം പ്രവൃത്തി അവസാനഘട്ടത്തിലേക്ക് നീങ്ങുന്നത്. റെയിൽവേ പാളത്തിന് പടിഞ്ഞാറുവശത്തെ തൂണുകൾക്കു മുകളിലെ സ്റ്റീൽ ഗർഡർ ഇതിനോടകം സ്ഥാപിച്ചു. ഇനി ഗർഡറിനു മുകളിൽ സ്ലാബ് വെക്കുന്ന പ്രവൃത്തിയാണ് നടക്കാനുള്ളത്.
കൂടാതെ പാളത്തിന് മുകളിലായുള്ള കോമ്പോസിറ്റ് ഗർഡറും സ്ഥാപിക്കാനുണ്ട്. ഇത് ചെന്നൈയിൽനിന്നാണ് എത്തേണ്ടത്. എറണാകുളം ഇ.കെ.കെ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് കമ്പനി അതിവേഗത്തിലാണ് പ്രവൃത്തി മുന്നോട്ടുകൊണ്ടുപോകുന്നത്. ജൂലൈ അവസാനത്തോടെ പാലം പ്രവൃത്തി പൂർത്തീകരിക്കാൻ സാധിക്കുമെന്ന് സൈറ്റ് മാനേജർ പറഞ്ഞു. ആകെ എട്ട് തൂണുകളിൽ ദേശീയപാത അതോറിറ്റിക്ക് കീഴിലുള്ള നാലു തൂണുകൾ നേരത്തെതന്നെ പൂർത്തിയാക്കിയിരുന്നു.
നാല് തൂണുകളും പൂർത്തീകരിച്ചതിനു പിന്നാലെയാണ് ഗർഡർ സ്ഥാപിച്ചത്. സംസ്ഥാനത്ത് ദേശീയപാതയിൽ മേൽപാലമില്ലാതിരുന്ന ഏക സ്ഥലം പള്ളിക്കരയായിരുന്നു. ദേശീയപാതയായിട്ടും ഗേറ്റ് അടച്ചാൽ ഏറെനേരം കാത്തുകെട്ടിക്കിടന്നാൽ മാത്രമേ വാഹനങ്ങൾക്ക് നീങ്ങാൻ കഴിയുകയുള്ളു. ആംബുലൻസ് അടക്കം ഇത്തരത്തിൽ കുടുങ്ങിക്കിടക്കാറുണ്ട്. ഇതിനൊക്കെയാണ്, പാലംപണി പൂർത്തിയാകുന്നതോടെ അറുതിയാകുന്നത്. 65 കോടി ചെലവിൽ 780 മീറ്റർ നീളത്തിലും 45 മീറ്റർ വീതിയിലുമാണ് റെയിൽവേ മേൽപാലം ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

