നിർമാണം പൂർത്തിയാകുംമുമ്പേ പള്ളിക്കര മേൽപാലം അപകടാവസ്ഥയിൽ
text_fieldsനീലേശ്വരം: നിർമാണം പൂർത്തിയാകുംമുമ്പേ നീലേശ്വരം പള്ളിക്കര മേൽപാലം അപകടാവസ്ഥയിൽ. അപ്രോച്ച് റോഡിന്റെ സ്ലാബുകളിൽ വിള്ളൽ വീഴുകയും പുറത്തേക്ക് തള്ളിനിൽക്കുകയും ചെയ്യുന്നു. പയ്യന്നൂർ ഭാഗത്തേക്ക് പോകുന്ന വലതുഭാഗത്തുള്ള കൾവർട്ടിനു സമീപത്തെ അരികുഭിത്തികളാണ് അപകടകരമാംവിധം പുറത്തേക്ക് തള്ളിനിൽക്കുന്നത്. ഇത് വ്യക്തമായി കാണാനും സാധിക്കും. ദിവസം കഴിയുന്തോറും ഇതിന്റെ വിള്ളലുകൾ വർധിച്ചുവരുകയാണ്. നിലവിൽ കൾവർട്ട് ഉണ്ടായിരുന്ന ഭാഗം അമിത ഭാരത്താൽ താഴ്ന്നു. ഇതിലൂടെ ശക്തമായ തോതിൽ വെള്ളം ഒഴുകിപ്പോകാൻ തുടങ്ങിയതോടെ അപകടസ്ഥിതി ഗുരുതരമായി. ഇതേത്തുടർന്ന് വാഹന ഗതാഗതം പാലത്തിന്റെ ഇടത് ഭാഗത്തുകൂടി വഴിതിരിച്ചുവിട്ടു.
നിർമാണം പൂർത്തിയാകും മുമ്പേ പാലത്തിന്റെ അപ്രോച്ച് റോഡ് അമരാനും അരിക് ഭിത്തിയിലെ സ്ലാബുകൾ പുറത്തേക്ക് തള്ളാന്നും തുടങ്ങിയത് നിർമാണത്തിലെ ക്രമക്കേടാണെന്ന് ആക്ഷേപം ഉയർന്നു. അപ്രോച്ച് റോഡ് നിർമാണത്തിനായി സ്ലാബുകൾ സ്ഥാപിക്കുമ്പോൾതന്നെ ഇതിൽ വൻതോതിൽ വിള്ളലുകൾ ഉണ്ടായതായി നാട്ടുകാർ പറഞ്ഞിരുന്നു.
എന്നാൽ, ഇത് സ്വാഭാവികം മാത്രമാണെന്നും അപകടത്തിന് ഒരുവിധ സാധ്യതകൾ ഇല്ലെന്നുമാണ് കരാറുകാർ പറഞ്ഞത്. 68 കോടി ചെലവിൽ എറണാകുളം ഇ.കെ.കെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് നിർമാണം എറ്റെടുത്തിരിക്കുന്നത്. ഇനി റെയിൽപാളത്തിന് മുകളിൽ സ്റ്റീൽ ഗർഡറുകൾ സ്ഥാപിക്കേണ്ട പ്രവൃത്തിയാണ് ബാക്കിയുള്ളത്. പാലത്തിന്റെ നിർമാണം പൂർത്തിയാകുന്നതിന് മുമ്പുതന്നെ അപകടാവസ്ഥയിലായത് ആശങ്കയിലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

