പൊലീസ് സ്പീഡ് ബ്രേക്കറിന് പുല്ലുവില; ചീറിപ്പാഞ്ഞ് വാഹനങ്ങൾ
text_fieldsചായ്യോത്ത് സ്കൂൾ വിദ്യാർഥികൾ റോഡ് മുറിച്ചുകടക്കുന്നു
നീലേശ്വരം: ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലൂടെ അമിത വേഗത്തിൽ പായുന്ന വാഹനങ്ങൾ മൂലം വിദ്യാർഥികൾ റോഡ് മുറിച്ചു കടക്കുന്നത് ഭീതിയോടെ. ഇത്തരം വാഹനങ്ങളെ നിയന്ത്രിക്കാൻ നീലേശ്വരം പൊലീസ് സ്പീഡ് ബ്രേക്കർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും വകവെക്കാതെയാണ് വാഹനങ്ങളുടെ മത്സരയോട്ടം. പലപ്പോലും തലനാരിഴക്കാണ് അപകടങ്ങൾ ഒഴിവാകുന്നത്.
ആയിരക്കണക്കിന് കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. റോഡിന് വീതി കൂടുതലായതിനാൽ ഡ്രൈവർമാർ സമീപം സ്കൂൾ പ്രവർത്തിക്കുന്നുണ്ടെന്നുള്ള ഒരു പരിഗണനയും നൽകാതെയാണ് അമിതവേഗത്തിൽ പായുന്നത്. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ ഇതുവഴി അമിത വേഗതയിലാണ് പോകുന്നത്. മുന്നറിയിപ്പ് ബോർഡുകളൊന്നും റോഡിൽ ഇല്ല. നരിമാളം മുതൽ ചായ്യോത്ത് ബസാർ വരെ വീതിയേറിയ മെക്കാഡം ടാറിങ് റോഡായതിനാൽ അമിത വേഗതമൂലം നിരവധി അപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്.
സ്കൂളിന് സമീപത്തുകൂടി വേഗത കുറച്ച് പോകണം എന്നുള്ള നിയമം പാലിക്കാതെയാണ് പല വണ്ടികളും കടന്നുപോകുന്നത്. വിവിധ സ്ഥലങ്ങളിൽ നിന്നും വരുന്ന കുട്ടികളാണ് ചായ്യോത്ത് പഠിക്കുന്നത്.
അവർ വാഹനങ്ങളിൽ നിന്ന് ഇറങ്ങി സ്കൂളിലേക്ക് റോഡ് മുറിച്ചു കടക്കുമ്പോൾ അപകടത്തിന് സാധ്യത കൂടുതലാണ്. നഴ്സറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. അതിനാൽ തന്നെ രക്ഷിതാക്കൾക്കും ആശങ്കയേറെയാണ്.
നരിമാളത്തെ സ്പെഷൽ സ്കൂളിന് സമീപത്തെ അവസ്ഥയും ഇതു തന്നെയാണ്. ഭിന്നശേഷി കുട്ടികൾ റോഡു മുറിച്ച് കടക്കുമ്പോൾ ഉണ്ടാകാനുള്ള അപകട സാധ്യതയും ഏറെയാണ്. സൂചനാ ബോർഡുകൾ ഉൾപ്പെടെ സ്ഥാപിച്ച് പ്രശ്നത്തിന് അധികൃതർ അടിയന്തരമായി പരിഹാരം കാണണമെന്നാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

