റോഡ് ടാറിങ് നടത്തുന്നില്ല; കരാറുകാരന്റെ വീട്ടിൽ സമരത്തിനൊരുങ്ങി സി.പി.എം
text_fieldsനീലേശ്വരം എടത്തോട് റോഡിൽ ടാറിങ് നടത്താത്ത പാലാത്തടം കാമ്പസ് റോഡ്
നീലേശ്വരം: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ നീലേശ്വരം -ഇടത്തോട് ഒന്നര കിലോമീറ്റർ ദൂരം റോഡ് ടാറിങ് മുടങ്ങിയിട്ട് മാസങ്ങളായി. 42.10 കോടി രൂപ എസ്റ്റിമേറ്റിൽ 29.6 കോടി രൂപക്കാണ് കരാറുകാരൻ പണി ഏറ്റെടുത്തത്. 18 മാസം കൊണ്ട് പണി തീർക്കാനായിരുന്നു വ്യവസ്ഥ.
2019 ൽ റോഡിന്റെ പണി ആരംഭിച്ചെങ്കിലും മഴക്കാലം വരാൻ ഇനി ഒരു മാസം മാത്രം ബാക്കിയിരിക്കെ പാലായി റോഡ് മുതൽ പാലാത്തടം വളവ് വരെയുള്ള റോഡ് പണി ഉപേക്ഷിച്ച് കരാറുകാരൻ മുങ്ങി. ഇതിന് വകുപ്പ് ഉദ്യോഗസ്ഥരും കൂട്ടുനിൽക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ഒന്നര മാസം മുമ്പാണ് നാട്ടുകാരുടെ നിരവധി സമരമുറകളെ തുടർന്ന് താലൂക്ക് ആശുപത്രി മുതൽ പാലായി റോഡ് വരെ മെക്കാഡം ടാറിങ് ചെയ്തത്. ഈ പണി പൂർത്തിയായതിനു ശേഷം ക്രഷർ സമരത്തിന്റെ പേര് പറഞ്ഞാണ് പാലായി റോഡ് മുതൽ പാലാത്തടം വരെയുള്ള പണി നിർത്തിവെച്ചത്.
എന്നാൽ ക്രഷർ സമരം തീർന്നെങ്കിലും ഇതുവരെ ബാക്കി വരുന്ന റോഡ് പണി ആരംഭിക്കാനുള്ള നീക്കങ്ങളൊന്നും കരാറുകാരന്റെ ഭാഗത്തുനിന്ന് കാണുന്നില്ല. റോഡ് പണി തുടങ്ങിയില്ലെങ്കിൽ മഴക്കാലം വരുന്നതോടെ ഇതുവഴിയുള്ള യാത്ര ദുസ്സഹമാകും.
മലയോര മേഖലയിലേക്കുള്ള പ്രധാന പാതയായ നീലേശ്വരം എടത്തോട് റോഡ് പ്രവൃത്തിയിൽ കരാറുകാരൻ കാണിക്കുന്ന അനാസ്ഥക്കെതിരെ സി.പി.എം വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. പ്രവൃത്തി തുടരാത്ത സാഹചര്യത്തിൽ കരാറുകാരെന്റ വസതിയിലേക്ക് മാർച്ചും അനിശ്ചിതകാല നിരാഹാര സമരവും തുടങ്ങുമെന്ന് സി.പി.എം നീലേശ്വരം ഏരിയ കമ്മിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

