അടിസ്ഥാന സൗകര്യങ്ങളില്ല; വീർപ്പുമുട്ടി സ്പോർട്സ് സ്കൂൾ
text_fieldsനീലേശ്വരം: അടിസ്ഥാനസൗകര്യങ്ങളൊന്നുമില്ലാതെ ദുരിതക്കയത്തിലാണ് ഇൗ സ്പോർട്സ് സ്കൂൾ. ആവശ്യത്തിന് കെട്ടിടമോ കളിസ്ഥലമോ പരിശീലകരോ ഇല്ലാതെ ദുരിതത്തിൽ കഴിയുകയാണ് ഇവിടെ പഠിക്കുന്ന കുട്ടികൾ. പട്ടികവർഗ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്പോർട്സ് സ്കൂളാണ് അടിസ്ഥാന സൗകര്യമില്ലാതെ പരിമിതികൾകൊണ്ട് വീർപ്പുമുട്ടുന്നത്.
സ്കൂൾ കെട്ടിടം നിർമിക്കാൻ കിനാനൂർ കരിന്തളം പഞ്ചായത്തിലെ കരിന്തളത്ത് 16.50 ഏക്കർ റവന്യൂഭൂമി ഏറ്റെടുത്ത് തറക്കല്ലിട്ടതല്ലാതെ മറ്റൊരു പ്രവർത്തനവും നടന്നിട്ടില്ല. സ്കൂൾ ആരംഭിച്ചപ്പോൾ മടിക്കൈ പഞ്ചായത്തിലെ ബങ്കളത്ത് കെട്ടിടം വാടകക്കെടുത്തായിരുന്നു മൂന്നു വർഷം മുമ്പ് വരെ പ്രവർത്തിച്ചിരുന്നത്.
പിന്നീട് പല അസൗകര്യവും പറഞ്ഞ് സ്കൂൾ പെരിങ്ങോത്ത് വാടക കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. ആറ്, ഏഴ്, എട്ട് ക്ലാസുകളിലായി 176 പട്ടികവർഗ വിഭാഗത്തിൽപെട്ട കുട്ടികളാണ് സി.ബി.എസ്.സി സിലബസ് പ്രകാരം ഇവിടെ പഠിക്കുന്നത്. മതിയായ പോഷകാഹാരത്തിനുള്ള ഭക്ഷണമോ പഠിക്കാനുള്ള പുസ്തകങ്ങളോ ഒന്നും ഇപ്പോൾ ലഭിക്കുന്നില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി.
രാത്രിയിൽ കുളിക്കാനുള്ള വെള്ളം പോലും ആവശ്യത്തിന് ലഭ്യമല്ല. പുസ്തകം കിട്ടാത്തതിനാൽ പഠിക്കുന്നത് ഫോട്ടോസ്റ്റാറ്റ് കോപ്പിയെടുത്താണ്. കെട്ടിടം നിർമിക്കാനുള്ള ഫണ്ട് കേന്ദ്രസർക്കാർ അനുവദിച്ചശേഷം കരാർ ഏറ്റെടുത്ത കൊല്ലം കെൽ നിർമാണ കമ്പനി ഇതുവരെയും പ്രവൃത്തി തുടങ്ങിയിട്ടില്ല.
സംസ്ഥാനത്തെ 14 ജില്ലകളിലും സെലക്ഷൻ ട്രയൽ നടത്തി മികച്ച കായികശേഷിയുള്ള കുട്ടികളെ കണ്ടെത്തിയാണ് സ്കൂളിൽ പ്രവേശനം നൽകുന്നത്. പക്ഷേ, പരിശീലനത്തിന് ആവശ്യമായ മൈതാനമോ പരിശീലകരോ ഇല്ലാത്തതിനാൽ മാനത്ത് കണ്ണുംനട്ട് ഇരിക്കേണ്ട അവസ്ഥയിലാണ് ഇവിടത്തെ കുട്ടികളെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു.
ജില്ല, സംസ്ഥാനതല സ്കൂൾ കായികമത്സരങ്ങളിൽ ഏകലവ്യയിലെ കുട്ടികളെ പങ്കെടുപ്പിക്കുന്നില്ല. സ്കൂളിൽ കായികമേള നടത്താതെ ജില്ല അമച്വർ സ്പോർട്സ് മീറ്റിലും പട്ടികവർഗ വകുപ്പിന് കീഴിലെ കളിക്കളം മത്സരത്തിലും സഹോദയ മീറ്റിലുമാണ് കുട്ടികൾ കായികമികവ് പ്രകടിപ്പിക്കുന്നത്.
മുൻ ഇന്ത്യൻ ഫുട്ബാൾ താരം കെ.വി. ധനേഷ് ഫിസിക്കൽ എജുക്കേഷൻ ഡയറക്ടറായും അദ്ദേഹത്തിന് കീഴിൽ ഒരു കായികാധ്യാപികയും സ്ഥാപനത്തിലുണ്ടെങ്കിലും സ്പോർട്സിൽ മതിയായ പരിശീലനം ലഭ്യമാക്കുന്നില്ലെന്നതും ഗെയിംസ് ഇനങ്ങളിൽ പരിശീലനമേ നൽകുന്നില്ലെന്നുള്ളതും പട്ടികവർഗ വിഭാഗത്തിലെ വിദ്യാർഥികളോടും രക്ഷിതാക്കളോടുമുള്ള അവഗണനയുടെ നേർസാക്ഷ്യമാണെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു.
ഏറെ കൊട്ടിഘോഷിച്ച് 2024 ജനുവരി 10ന് പട്ടികവർഗ വികസന മന്ത്രി കെ. രാധാകൃഷ്ണന്റെ ഓൺലൈൻ സാന്നിധ്യത്തിൽ ഇ. ചന്ദ്രശേഖരൻ എം.എൽ.എയാണ് തറക്കല്ലിട്ടത്. കരിന്തളത്തെ ഭൂമിക്കുചുറ്റും മുള്ളുവേലിയും താൽക്കാലിക ഷെഡും മാത്രമേ നിലവിലുള്ളൂ.
വിദ്യാർഥികൾ അനുഭവിക്കുന്ന ദുരിതത്തിന് ശാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഗോത്രവർഗ മേഖലയിലെ മുഴുവൻ സംഘടനകളെയും രാഷ്ട്രീയകക്ഷികളെയും ഉൾപ്പെടുത്തി വിപുലമായ സമരസമിതി രൂപവത്കരിച്ച് പ്രത്യക്ഷ സമരത്തിനുള്ള തയാറെടുപ്പിലാണ് പി.ടി.എ കമ്മിറ്റിയെന്ന് പ്രസിഡന്റ് ശ്രീകാന്ത് പനത്തടി പറഞ്ഞു.
സ്കൂളിന്റെയും വിദ്യാർഥികളുടെയും എല്ലാ ദുരിതങ്ങളും ഉന്നയിച്ച് പട്ടികജാതി-വർഗ മന്ത്രിക്ക് നിവേദനം നൽകി കാത്തിരിക്കുകയാണ് രക്ഷിതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.