കുടിവെള്ളത്തിനായി നെട്ടോട്ടമോടി നീലേശ്വരത്തെ തീരദേശ മേഖല
text_fieldsകാലപ്പഴക്കംമൂലം അപകടാവസ്ഥയിലായ കടിഞ്ഞിമൂല കുടിവെള്ള ടാങ്ക്
നീലേശ്വരം: നഗരസഭ നടപ്പാക്കിയ കുടിവെള്ള പദ്ധതി വഴി ഇന്നും ഉപഭോക്താക്കൾക്ക് കിട്ടുന്നത് ഉപയോഗശൂന്യമായ വെള്ളം. നീലേശ്വരം നഗരസഭയിലെ 23, 24, 26, 28 വാർഡുകളിലെ കുടുംബങ്ങളാണ് കുടിവെള്ളം കിട്ടാതെ വലയുന്നത്. ഇവിടെ ആവശ്യക്കാർക്ക് കുടിവെള്ളം എത്തിക്കാനാണ് 1956 ൽ കടിഞ്ഞിമൂലയിൽ കിണറും ടാങ്കും സ്ഥാപിച്ചത്. അന്ന് 56 വീടുകളുണ്ടായിടത്ത് ഇന്ന് 400ലധികം കുടുംബങ്ങളാണ് പദ്ധതിയെ ആശ്രയിക്കുന്നത്.
ഉപഭോക്താക്കളുടെ എണ്ണം കൂടിയതോടെ നിലവിലുള്ള കിണറിൽ വർഷംതോറും വെള്ളം കുറഞ്ഞുവരുകയുമാണ്. കാലപ്പഴക്കംമൂലം കടിഞ്ഞിമൂലയിൽ സ്ഥാപിച്ച കുടിവെള്ള ടാങ്കാകട്ടെ ഏതു നിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലാണ്.
നിലവിലുള്ള കിണറിലെ വെള്ളം മലിനമാകുന്നുമുണ്ട്. വർഷംതോറും വെള്ളം പരിശോധിക്കാറുണ്ടെങ്കിലും ഇത് കുടിക്കാൻ പറ്റാത്തതാണെന്ന് നാട്ടുകാർക്കറിയില്ല. പുറേത്തകൈ ദ്വീപടക്കമുള്ള പ്രദേശത്തേക്കും ഇതേ വെള്ളമാണ് ഉപയോഗിക്കുന്നത്.
പുറേത്തകൈയിലെ വെള്ളത്തിൽ വസ്ത്രം അലക്കിയാൽ പ്രത്യേകം നിറം പ്രത്യക്ഷപ്പെടുന്നതിനാലാണ് വേനലിലും മഴക്കാലത്തും ഈ പ്രദേശത്തുള്ളവർ നിലവിലുള്ള കുടിവെള്ള പദ്ധതിയെ ആശ്രയിക്കുന്നത്. മറ്റു വഴികൾ ഒന്നുമില്ലാത്തതിനാൽ കിട്ടുന്ന വെള്ളത്തിൽ തൃപ്തിയടയുകയാണ് ഇവർ. മാറിമാറി വരുന്ന ഭരണാധികാരികളോട് പ്രദേശവാസികൾ കുടിവെള്ള പ്രശ്നത്തിന് മറ്റൊരു പോംവഴി കാണണമെന്ന് ആവശ്യപ്പെടാറുണ്ടെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും ശാശ്വത പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല.
നാട്ടിലെ ഗൾഫ് കൂട്ടായ്മയുടെ സാമ്പത്തിക സഹായത്തോടെ വണ്ടിയിൽ വെള്ളം കൊണ്ടുവന്നാണ് കുടിവെള്ളത്തിന് ചെറിയൊരു പരിഹാരമെങ്കിലും കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

