വരുമാനത്തിൽ കുതിച്ചുചാടി നീലേശ്വരം റെയിൽവേ സ്റ്റേഷൻ
text_fieldsനീലേശ്വരം റെയിൽവേ സ്റ്റേഷൻ
നീലേശ്വരം: ഇന്ത്യൻ റെയിൽവേയുടെ പുതിയ വാർഷിക സാമ്പത്തിക റിപ്പോർട്ട് പുറത്തുവന്നതോടെ നീലേശ്വരം റെയിൽവേ സ്റ്റേഷൻ കുതിപ്പിൽ. 2022, 2023 വാർഷിക സാമ്പത്തിക റിപ്പോർട്ടിൽ നീലേശ്വരത്തിന്റെ പ്രതിവർഷ വരുമാനം 5,70,05,391 രൂപയായി ഉയർന്നു. 10,12,150 യാത്രക്കാർ നീലേശ്വരം റെയിൽവേ സ്റ്റേഷൻ വഴി യാത്ര ചെയ്തുവെന്നാണ് കണക്ക്.
വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും മുൻപന്തിയിലെത്തിയതോടെ പാലക്കാട് ഡിവിഷനിൽ പ്രധാന സ്റ്റേഷനായി നീലേശ്വരം ഉയർന്നു. ഡി. വിഭാഗത്തിലായിരുന്ന സ്റ്റേഷൻ പുതിയ റിപ്പോർട്ട് പ്രകാരം എൻ.എസ്.ജി അഞ്ച് വിഭാഗത്തിലാണ് എത്തിയത്.
സമീപ സ്റ്റേഷനുകളായ കാഞ്ഞങ്ങാട്, പയ്യന്നൂർ സ്റ്റേഷനുമായി താരതമ്യം ചെയ്യുമ്പോൾ മുൻവർഷങ്ങളിൽ 30 ശതമാനത്തിന്റെ കുറവാണുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ 10 ശതമാനത്തിന് താഴെയായി. ഇത് അടുത്ത വർഷങ്ങളിൽ നികത്തപ്പെടുമെന്നാണ് കരുതുന്നത്. കൂടാതെ രണ്ടാംഘട്ട അമൃത് ഭാരത് പദ്ധതിയിൽ ഉൾപെടുത്തി 10 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നീലേശ്വരത്ത് നടത്തും.
പൂർണമായും മേൽക്കൂര നിർമിക്കും, പ്ലാറ്റ്ഫോമിന്റെ നീളം വർധിപ്പിക്കും മുഴുവൻ സ്ഥലത്ത് ഇരുപ്പിടങ്ങൾ, മുഴുവൻ സ്ഥലത്തും വെളിച്ചം, ഭിന്നശേഷിക്കാർക്ക് പ്രത്യേക ഇരിപ്പിടങ്ങൾ കൂടുതൽ ശൗചാലയങ്ങൾ, കിഴക്കൻ ഭാഗത്ത് പുതിയ ടിക്കറ്റ് കൗണ്ടർ, പുതിയതായി പടിഞ്ഞാറ് ഭാഗത്തും കിഴക്കൻ ഭാഗത്തും മനോഹരമായി പാർക്കിങ് ഏരിയ, റെയിൽവേ സ്റ്റേഷനിൽ മുഴുസമയം പ്രവർത്തിക്കുന്ന ഫുഡ്കോർട്ട്, രണ്ടു പ്ലാറ്റ്ഫോമിലും മുഴുവൻ കുടിവെള്ള സൗകര്യം തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി ഉണ്ടാകും.
എഫ്.സി.ഐയിൽ നിന്നും ഇറക്കുന്ന അരി കിഴക്ക് ഭാഗത്ത് റോഡിൽ കുഴിയിൽവീണ് മഴക്കാലത്ത് ചീഞ്ഞുനാറുന്ന അവസ്ഥക്ക് പരിഹാരമായി ആ ഭാഗം മുഴുവൻ കോൺക്രീറ്റ് ചെയ്ത് ശുചിത്വമുള്ള സ്ഥലമാക്കി മാറ്റും.