ഭക്ഷ്യസുരക്ഷ ഓഫിസറുടെ കാര്യാലയം ഇനി സുരക്ഷിതം; ചോർന്നൊലിക്കുന്ന കെട്ടിടത്തിൽനിന്ന് മോചനം
text_fieldsതിങ്കളാഴ്ച പ്രവർത്തനമാരംഭിക്കുന്ന ഭക്ഷ്യസുരക്ഷ ഓഫിസറുടെ കാര്യാലയം (ഇൻസൈറ്റിൽ-കെട്ടിടം തകർന്ന് പ്ലാസ്റ്റിക് ഷീറ്റ് പൊതിഞ്ഞ പഴയ ഭക്ഷ്യസുരക്ഷ ഓഫിസ്
നീലേശ്വരം: കാലപ്പഴക്കംകൊണ്ട് തകർന്നുവീഴാവുന്നതും മഴവന്നാൽ ചോർന്നൊലിക്കുന്നതുമായ കെട്ടിടത്തിൽനിന്ന് ഭക്ഷ്യസുരക്ഷ ഓഫിസറുടെ കാര്യാലയത്തിന് മോചനം. ഇനി ഭക്ഷ്യസുരക്ഷ ഓഫിസിലെ ജീവനക്കാർക്ക് സുരക്ഷിതമായി ജോലിചെയ്യാം. നീലേശ്വരം കൃഷിവകുപ്പ് ഓഫിസ് കെട്ടിടത്തിന് മുകളിലുള്ള മുറിയിലേക്ക് തിങ്കളാഴ്ച മുതൽ പ്രവർത്തനമാരംഭിക്കും.
ഓഫിസ് ഫയലുകളും കമ്പ്യൂട്ടറുകളും മറ്റും ജീവനക്കാർ ഇവിടത്തേക്ക് മാറ്റി ബോർഡും സ്ഥാപിച്ചു. തിങ്കളാഴ്ച രാവിലെ ലളിതമായ ചടങ്ങിൽ നഗരസഭ അധ്യക്ഷ ടി.വി. ശാന്ത നാട മുറിച്ച് ഉദ്ഘാടനം ചെയ്യും. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മേഖല ഓഫിസുകൾ തിങ്കളാഴ്ച മുതൽ കൃഷിഭവന്റെ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങും.
നീലേശ്വരം നഗരസഭ നേരത്തെതന്നെ മുറി അനുവദിച്ചുനൽകിയിരുന്നുവെങ്കിലും ഭക്ഷ്യസുരക്ഷ വകുപ്പ് ഡയറക്ടറേറ്റിന്റെ അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് ഓഫിസ് മാറ്റം വൈകിയത്. നീലേശ്വരം വില്ലേജ് ഓഫിസിന്റെ പഴയ കെട്ടിടത്തിലാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ഓഫിസ് പ്രവർത്തിച്ചിരുന്നത്. എന്നാൽ, 2023ലെ ശക്തമായ കാലവർഷത്തിൽ ഓഫിസിന്റെ മേൽക്കൂര തകർന്നുവീഴുകയായിരുന്നു. ഇതിനുശേഷം പ്ലാസ്റ്റിക് വിരിച്ച കെട്ടിടത്തിൽ വെയിലും മഴയുമേറ്റാണ് ഓഫിസ് പ്രവർത്തനം നടന്നുവന്നിരുന്നത്. ഇതിനുശേഷം ഭക്ഷ്യസുരക്ഷ വകുപ്പിന്റെ അപേക്ഷയെ തുടർന്നാണ് നഗരസഭയുടെ അധീനതയിലുള്ള കെട്ടിടം ഭക്ഷ്യസുരക്ഷ വകുപ്പിനായി വിട്ടുകൊടുക്കാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

