ചുവപ്പുനാടയിൽ കുരുങ്ങി നീലേശ്വരം താലൂക്ക്; ഫയൽ തീരുമാനമാകാതെ സർക്കാറിന്റെ മേശപ്പുറത്ത്
text_fields:താലൂക്ക് പ്രവർത്തനത്തിനായി കണ്ടെത്തിയ നീലേശ്വരം നഗരസഭ പഴയ ഓഫിസ് കെട്ടിടം
നീലേശ്വരം: നീലേശ്വരം ആസ്ഥാനമായി താലൂക്ക് രൂപവത്കരിക്കണമെന്ന ഫയൽ ഇപ്പോഴും സർക്കാറിന്റെ ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുന്നു. നീലേശ്വരം ആസ്ഥാനമായി പുതിയ താലൂക്ക് രൂപവത്കരിക്കണമെന്ന ആവശ്യത്തിന്മേൽ കലക്ടറും റവന്യൂവകുപ്പും അനുകൂല റിപ്പോർട്ട് നൽകിയിട്ടും അന്തിമ തീരുമാനമാകുന്നില്ല. കോൺഗ്രസ് (എസ്) മുൻ ജില്ല പ്രസിഡന്റ് കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ നൽകിയ നിവേദനത്തെ തുടർന്നാണ് താലൂക്ക് രൂപവത്കരണ ചർച്ചകൾക്ക് വീണ്ടും ജീവൻവെച്ചത്. സർക്കാറിന്റെ നിർദേശപ്രകാരം ഹോസ്ദുർഗ് താലൂക്ക് ഓഫിസിൽ വിളിച്ചുചേർത്ത സർവകക്ഷി യോഗം താലൂക്ക് രൂപവത്കരണത്തിന് ഏകകണ്ഠമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കലക്ടർ സമർപ്പിച്ച റിപ്പോർട്ട് റവന്യൂ വകുപ്പ് അംഗീകരിക്കുകയും തുടർനടപടികൾക്കായി 2025 മേയ് 25ന് സർക്കാറിലേക്ക് കൈമാറുകയും ചെയ്തു. ഫയൽ ഇപ്പോൾ മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും പരിഗണനയിലാണെന്ന് ലാൻഡ് ബോർഡ് കമീഷണർ പറയുന്നത്. താലൂക്ക് ഓഫിസിനായി കെട്ടിടം കണ്ടെത്തുക എന്ന പ്രാഥമിക കടമ്പ നീലേശ്വരം നഗരസഭ പരിഹരിച്ചിട്ടുണ്ട്. നഗരസഭയുടെ പഴയ ഓഫിസ് കെട്ടിടം താൽക്കാലിക താലൂക്ക് ഓഫിസായി പ്രവർത്തിക്കാൻ വിട്ടുനൽകാൻ തയാറാണെന്ന് നഗരസഭ അധികൃതർ അറിയിച്ചിട്ടുണ്ട്. ആവശ്യമായ മറ്റ് ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിലും നഗരസഭ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട് മത്സരിച്ച് വിജയിച്ച ചരിത്രഭൂമിയാണ് നീലേശ്വരം. മുമ്പ് കാസർകോട്, ഹോസ്ദുർഗ് എന്നിങ്ങനെ രണ്ട് താലൂക്കുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് പിന്നീട് മഞ്ചേശ്വരവും വെള്ളരിക്കുണ്ടും പുതിയ താലൂക്കുകളായി അനുവദിച്ചപ്പോഴും നീലേശ്വരത്തെ സർക്കാർ തഴയുകയായിരുന്നു.
നീലേശ്വരം നഗരസഭ, ചെറുവത്തൂർ, പടന്ന, തൃക്കരിപ്പൂർ, പിലിക്കോട്, വലിയപറമ്പ്, കയ്യൂർ-ചീമേനി, മടിക്കൈ എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുത്തി നീലേശ്വരം ആസ്ഥാനമായി താലൂക്ക് രൂപവത്കരിക്കണമെന്നതാണ് പ്രധാന ആവശ്യം. മാർച്ചിൽ അവതരിപ്പിക്കുന്ന പിണറായി സർക്കാറിന്റെ അവസാന ബജറ്റിൽ നീലേശ്വരം താലൂക്ക് രൂപവത്കരണത്തിനായി ഒരു ടോക്കൺ തുക വകയിരുത്തുമെന്നാണ് കരുതുന്നത്. ഈ ആവശ്യത്തിൻമേൽ സർക്കാറിൽ ശക്തമായ ഇടപെടൽ നടത്തുമെന്ന് നീലേശ്വരം നഗരസഭ ചെയർമാൻ പി.പി. മുഹമ്മദ് റാഫി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

