നീലേശ്വരം ഗവ. താലൂക്ക് ആശുപത്രിയിലേക്ക് വഴിയില്ല, വളഞ്ഞ വഴി വരണം
text_fieldsനീലേശ്വരം താലൂക്കാശുപത്രിയിലെ പ്രധാന ഗേറ്റ് അടച്ചിട്ടനിലയിൽ
നീലേശ്വരം: പേരോൽ വള്ളിക്കുന്നിലെ നീലേശ്വരം ഗവ. താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലെത്തുന്ന രോഗികൾ വഴിയില്ലാതെ ദുരിതത്തിലാണ്. റോഡിന് സമീപം ആശുപത്രിയിലേക്കുള്ള പ്രധാന ഗേറ്റ് അടച്ചിട്ട് വർഷങ്ങളായി. മാനേജ്മെന്റിന്റെ അനാസ്ഥമൂലം നിരവധി രോഗികളാണ് ചുറ്റിവലയുന്നത്. സമീപത്തെ മറ്റൊരു വഴിയിലൂടെ വളഞ്ഞുചുറ്റി വേണം രോഗികൾ ആശുപത്രിയിലെത്താൻ. ആശുപത്രി കോമ്പൗണ്ടിനകത്തുള്ള ക്വാർട്ടേഴ്സ് നിർമാണവുമായി ബന്ധപ്പെട്ട് കുഴിയെടുക്കുമ്പോൾ ഗേറ്റിന് സമീപത്തെ റോഡ് ഇടിഞ്ഞ് അപകടാവസ്ഥയിലായിരുന്നു.
ഇതാണ് പ്രധാനവഴി അടക്കാൻ കാരണമായി അധികൃതർ പറയുന്നത്. എന്നാൽ, ഒരുവർഷം കഴിഞ്ഞിട്ടും കുഴി നികത്തി കോൺക്രീറ്റ് ചെയ്ത് റോഡ് ഉപയോഗിക്കാനുള്ള ഒരുനടപടിയും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. സമീപത്തെ മതിലും തകർന്ന നിലയിലാണ്. രോഗികളുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് പ്രധാന ഗേറ്റ് അടച്ചിട്ടതെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
കാൽനടയായി പോകുന്നവർ ഈ വഴിയിലൂടെയാണ് ആശുപത്രിയിൽ പ്രവേശിക്കുന്നത്. നീലേശ്വരം നഗരസഭയിൽനിന്ന് മാത്രമല്ല, മലയോര പഞ്ചായത്തുകളിൽനിന്നും ദിവസവും 300ൽപരം രോഗികളാണ് താലൂക്കാശുപത്രിയിൽ എത്തുന്നത്. 1957ൽ പ്രവർത്തനമാരംഭിച്ച നീലേശ്വരം താലൂക്കാശുപത്രിയുടെ പ്രധാന വഴിയെന്നത് ഇപ്പോൾ അടച്ചിട്ട വഴിയായിരുന്നു. രണ്ട് ഗേറ്റുള്ളതിൽ ഒരുഗേറ്റ് തകർന്നിട്ട് മാസങ്ങൾ കഴിഞ്ഞു. ഒരു തടിക്കഷണം ഉപയോഗിച്ചാണ് ഇപ്പോൾ വഴിയടച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

