അമ്മയുടെ അനൗൺസ്മെന്റ്; ശബ്ദസന്ദേശത്തിൽ മകളുടെ വിവാഹം ക്ഷണിക്കൽ
text_fieldsഗീതറാവു മകളുടെ വിവാഹം ശബ്ദ സന്ദേശത്തിലൂടെ ക്ഷണിക്കുന്നത് റെക്കോഡ് ചെയ്യുന്നു.
സമീപം കരിവെള്ളൂർ രാജൻ
നീലേശ്വരം: വ്യത്യസ്തമായ വിവാഹം ക്ഷണിക്കൽ ആളുകൾ കണ്ടിട്ടുണ്ടെങ്കിലും ഈ അമ്മ ശബ്ദ സന്ദേശത്തിലൂടെ ക്ഷണിച്ച് വേറിട്ട വഴിയിൽ സഞ്ചരിച്ച് വ്യത്യസ്തമാകുന്നു. മകളുടെ വിവാഹം ക്ഷണിക്കാൻ അമ്മ അനൗൺസ്മെന്റ് രൂപത്തിൽ തയാറാക്കിയ ശബ്ദ സന്ദേശമാണ് ശ്രദ്ധേയമായത്.
നീലേശ്വരം പട്ടേന നീരൊഴുക്കിൽ അമ്മു നിലയത്തിലെ ഗീതറാവുവാണ് വേറിട്ട ഈ പരീക്ഷണം നടത്തിയത്. ഗീതറാവു - അശോകൻ മൈലിട്ടയുടെയും മകൾ എം. ശ്രീലക്ഷ്മിയുടെ വിവാഹം നവംബർ 19ന് പടിഞ്ഞാറ്റംകൊഴുവൽ എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടക്കുകയാണ്. മാതമംഗലം പാണപ്പുഴ പറവൂർ തായലെപുരയിൽ ഹൗസിലെ ടി.പി. ഗോപാലന്റെയും സി. ബീനയുടെയും മകൻ ആർമിയിൽ ജോലിചെയ്യുന്ന ഗോകുലാണ് വരൻ.
വിവാഹം അറിയിക്കാനായി കുടുംബ സുഹൃത്തായ പ്രശസ്ത അനൗൺസർ കരിവെള്ളൂർ രാജനെ ഫോണിൽ വിളിച്ചപ്പോൾ അദ്ദേഹമാണ് വേറിട്ട ആശയം പറഞ്ഞത്.
ആദ്യമൊന്നു മടിച്ചെങ്കിലും പിന്നീട് കരിവെള്ളൂരിലെ ഇദ്ദേഹത്തിന്റെ സ്റ്റുഡിയോയിലെത്തി അനൗൺസ്മെന്റ് രൂപത്തിൽ വിവാഹക്ഷണം തയാറാക്കി റെക്കോഡ് ചെയ്തു. ബന്ധുക്കൾ, സഹപാഠികൾ, സഹപ്രവർത്തകർ, നാട്ടുകാർ എന്നിവർക്കും ബന്ധപ്പെട്ട സമൂഹ മാധ്യമ കൂട്ടായ്മകൾക്കുമെല്ലാം ഷെയർ ചെയ്തതോടെ സംഗതി വൈറലായി.
വിവിധ ഭാഗങ്ങളിൽനിന്ന് അഭിനന്ദനങ്ങളും പ്രശംസയും കിട്ടിയതോടെ വിവാഹ ക്ഷണപത്രത്തിനൊപ്പം ശബ്ദസന്ദേശവും എല്ലാവർക്കും നൽകി. നീലേശ്വരം സർവിസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള പച്ചക്കറിക്കടയിൽ ജോലി ചെയ്യുകയാണ് ഗീത. ഭർത്താവ് അശോകൻ ഫിലിം റപ്രസന്റേറ്റീവാണ്. മകൾ ശ്രീലക്ഷ്മി എൻ.എസ്.സി ബാങ്കിലെ പാർട്ട് ടൈം ജീവനക്കാരിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

