റെയിൽവേ സ്റ്റേഷൻ റോഡിലെ ബൈക്ക് പാർക്കിങ്: ലോറി കുടുങ്ങി
text_fieldsബൈക്ക് പാർക്കിങ് മൂലം റെയിൽവേ സ്റ്റേഷൻ റോഡിൽ കുടുങ്ങിയ ലോറി
നീലേശ്വരം: നീലേശ്വരം മേൽപാലത്തിനടിയിലെ അനധികൃത ബൈക്ക് പാർക്കിങ്മൂലം റെയിൽവേ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന ലോറി മണിക്കൂറോളം റോഡിൽ കുടുങ്ങി. റെയിൽവേ സ്റ്റേഷനിലേക്ക് സ്ലീപ്പറുകൾ കൊണ്ടുപോകുകയായിരുന്ന ലോറി മേൽപാലത്തിനടിയിൽ എത്തിയപ്പോഴാണ് മുന്നോട്ടുപോകാൻ കഴിയാതെ കുടുങ്ങിയത്.
മേൽപാലത്തിനടിയിൽ നൂറുകണക്കിന് ബൈക്കുകളാണ് അനധികൃതമായി ദിവസവും പാർക്ക് ചെയ്യുന്നത്. മിക്ക ബൈക്കുകളും റെയിൽവേ സ്റ്റേഷൻ റോഡ് കൈയേറിയാണ് പാർക്ക് ചെയ്യുന്നത്. ഇവിടെ നഗരസഭ-പൊലീസ് പാർക്കിങ് നിരോധിച്ചിരിക്കുന്നുവെന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതെല്ലാം കാറ്റിൽപറത്തിയാണ് നൂറുകണക്കിന് ബൈക്കുകൾ പാർക്ക് ചെയ്യുന്നത്. ആഗസ്റ്റ് 12ന് പൊലീസ് നിർദേശം കാറ്റിൽപറത്തി മേൽപാലത്തിന് താഴെ പാർക്കിങ് എന്ന് പ്രസിദ്ധീകരിച്ച വാർത്ത ഏറെ ചർച്ചയായിരുന്നു.
വീതികുറഞ്ഞ റോഡിൽ ബൈക്കുകൾ പാർക്ക് ചെയ്തതിനാലാണ് ലോറി കുടുങ്ങിയത്. ഇത് ശ്രദ്ധയിൽപെട്ട സമീപത്തെ ഓട്ടോ ഡ്രൈവർമാർ റോഡിലേക്ക് കയറ്റിവെച്ച ബൈക്കുകളെല്ലാം എടുത്തുമാറ്റി ലോറിയെ കടത്തിവിട്ടു. റെയിൽവേ സ്റ്റേഷനിലേക്കുള്ള വാഹനങ്ങളെയും കാൽനടക്കാരെയും ബുദ്ധിമുട്ടിക്കുന്ന അനധികൃത പാർക്കിങ്ങിനെതിരെ നടപടിയെടുക്കാൻ നഗരസഭയും പൊലീസും തയാറാകുന്നില്ല. നിയമങ്ങളെ വെല്ലുവിളിച്ച് റെയിൽവേ സ്റ്റേഷൻ റോഡ് കൈയേറി പാർക്ക് ചെയ്യുന്ന ബൈക്കുകൾക്കെതിരെ പൊലീസ് നിയമനടപടി സ്വീകരിക്കണമെന്ന് ഓട്ടോ തൊഴിലാളി യൂനിയൻ സി.ഐ.ടി.യു നേതാവ് ഒ.വി. രവീന്ദ്രൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

