നിയമവിരുദ്ധ മത്സ്യബന്ധനം; രണ്ട് കർണാടക ബോട്ടുകൾ പിടികൂടി
text_fieldsഫിഷറീസ് വകുപ്പ് പിടിച്ചെടുത്ത കർണാടക ബോട്ടുകൾ അഴിത്തലയിൽ നിയമ നടപടിക്കായി എത്തിച്ചപ്പോൾ
നീലേശ്വരം: നിയമവിരുദ്ധ മത്സ്യബന്ധനത്തിലേർപ്പെട്ട രണ്ടു കർണാടക ബോട്ടുകൾ ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു. ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ്, അഴിത്തല, കുമ്പള, ബേക്കൽ എന്നീ കോസ്റ്റൽ പൊലീസും സംയുക്തമായി നടത്തിയ രാത്രികാല കടൽ പട്രോളിങ്ങിലാണ് ബോട്ടുകൾ പിടികൂടിയത്.
ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർമാർമാരായ എസ്. ഐശ്വര്യ, കെ.എസ്. ടെസ്സി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. രാത്രി സമയത്ത് തീരത്തോട് ചേർന്ന് ട്രോൾവല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയതിനാണ് അൽ ഫലാഹ്, ഫിഷ്ക്കോ എന്നീ രണ്ട് കർണാടക ബോട്ടുകൾ പിടിയിലായത്. നടപടികൾ പൂർത്തിയാക്കുന്നതിനായി ബോട്ടുകൾ അഴിത്തലയിൽ എത്തിച്ചു. മറൈൻ എൻഫോഴ്സ്മെന്റ് ഗാർഡ് അർജുൻ, റെസ്ക്യൂ ഗാർഡുമാരായ മനു, അജീഷ്, ധനീഷ്, സേതുമാധവൻ, സമീർ, സ്രാങ്ക് നാരായണൻ, സതീശൻ, കോസ്റ്റൽ വാർഡൻ സനൂജ്, നന്ദുലാൽ, കോസ്റ്റൽ പൊലീസ് ജോതിഷ്, മഹേഷ്, പവിത്രൻ, പ്രജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. നിയമവിരുദ്ധ മത്സ്യബന്ധന രീതികൾക്കെതിരെയുള്ള നടപടികൾ തുടർന്ന് വരികയാണെന്നും നിയമം നടപ്പാക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും കാസർകോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.എ. ലബീബ് അറിയിച്ചു.

