തുടരാൻ എൽ.ഡി.എഫ്; തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ യു.ഡി.എഫ്
text_fieldsനീലേശ്വരം: അത്യന്തം വാശിയേറിയ നീലേശ്വരം നഗരസഭ തെരഞ്ഞെടുപ്പിൽ തുടർച്ചയായി നാലാം തവണയും അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിൽ എൽ.ഡി.എഫും വർഷങ്ങളായി നഷ്ടപ്പെട്ടുപോയ ഭരണം തിരിച്ചുപിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ യു.ഡി.എഫും. വോട്ടിങ് ശതമാനത്തിൽ ജില്ലയിൽ മുന്നിട്ടുനിൽക്കുന്നത് നീലേശ്വരം നഗരസഭയാണ്.
78.36 ശതമാനം പേരാണ് ഇവിടെ വോട്ട് രേഖപ്പെടുത്തിയത്. നീലേശ്വരം നഗരസഭയിൽ സാന്നിധ്യമറിയിക്കാൻ ബി.ജെ.പിയും ഒരു വാർഡിൽ എസ്.ഡി.പി.ഐയും വിജയസാധ്യത കണക്കുകൂട്ടുന്നു. 2010ൽ നിലവിൽവന്ന നീലേശ്വരം നഗരസഭയിലേക്കുള്ള നാലാമത്തെ കൗൺസിലിനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പാണ് നടന്നത്. ആദ്യ മൂന്നുതവണയും എൽ.ഡി.എഫ് ആണ് നഗരസഭ ഭരിച്ചത്. രണ്ടും മൂന്നും നഗരസഭകളിൽ ഒരു സീറ്റെങ്കിലും നേടാൻ ബി.ജെ.പി കൊണ്ടുപിടിച്ച് ശ്രമിച്ചെങ്കിലും സാധിച്ചില്ല. എന്നാൽ, കഴിഞ്ഞതവണ ഒരു സീറ്റിൽ വിജയിച്ച് കൗൺസിലിൽ എത്താൻ എസ്.ഡി.പി.ഐക്ക് സാധിച്ചു. പടിഞ്ഞാറ്റംകൊഴുവൽ വെസ്റ്റ്, പട്ടേന, കരുവാച്ചേരി, തൈക്കടപ്പുറം സെൻട്രൽ കൊട്രച്ചാൽ വാർഡുകൾ പിടിച്ചെടുത്താൽ യു.ഡി.എഫിന് നല്ല പ്രതീക്ഷയുണ്ട്.
എന്നാൽ, 34ൽ 25 വാർഡും പിടിച്ച് ഭരണത്തുടർച്ചയാണ് എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നത്. എസ്.ഡി.പി.ഐ നിലവിലുള്ള ഒരു വാർഡിന് പുറമെ മറ്റൊരു വാർഡ് പിടിക്കുമെന്ന് പറയുന്നുണ്ട്. എൻ.ഡി.എ 2020ൽ രണ്ട് വോട്ടിന് പരാജയപ്പെട്ട പടിഞ്ഞാറ്റംകൊഴുവൽ ഈസ്റ്റ് വാർഡ് തിരിച്ചുപിടിക്കുമെന്നാണ് അവർ പറയുന്നത്. എല്ലാ മുന്നണികളും വലിയ കണക്കുകൂട്ടിയുള്ള പ്രതീക്ഷയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

