അപകടക്കെണിയൊരുക്കി കുന്നുംകൈ- പരപ്പച്ചാൽ പാലം
text_fieldsഅപകടാവസ്ഥയിലായ കുന്നുംകൈ പരപ്പച്ചാൽ പാലത്തിന് സമീപം അപകടസൂചന
അടയാളങ്ങൾ സ്ഥാപിച്ച നിലയിൽ
നീലേശ്വരം: ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്ന് പോരുന്ന കുന്നുംകൈ- പരപ്പച്ചാൽ പാലം അപകടവസ്ഥയിൽ. ബലക്ഷയവും കൈവരികളുടെ തകർച്ചയും മൂലം ഏതുനിമിഷവും അപകടം വരുന്ന അവസ്ഥയിലാണ് ഈ പാലം. പാലത്തിന്‍റെ ബലക്ഷയത്തെ തുടർന്ന് താൽക്കാലികമായി അടിഭാഗം കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചിരുന്നു.
എന്നാൽ ഒരു ഓട്ടോറിക്ഷക്ക് പോലും കടന്നു പോകാൻ കഴിയാത്ത രീതിയിൽ പാലത്തിന് കുലുക്കം അനുഭവപ്പെടുന്നുണ്ട്. പാലത്തിന്‍റെ കൈവരി തകർന്നത് മൂലം നിരവധി അപകടങ്ങളാണ് നടക്കുന്നത്.
12 മണിക്കൂറിനുള്ളിൽ തന്നെ രണ്ട് അപകടങ്ങൾ നടക്കുകയും ഒരാൾ മരണപ്പെടുകയും ചെയ്ത സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഗ്യാസ് സിലിണ്ടറുകളുമായി എത്തിയ വണ്ടി കൈവരി തകർത്ത് തോട്ടിലേക്ക് മറിഞ്ഞതായിരുന്നു ആദ്യ അപകടം.
ശേഷം മണിക്കൂറുകൾക്കകം സിമൻറുമായി എത്തിയ ലോറി മറിഞ്ഞ് ക്ലീനർ മരിക്കുകയും ഡ്രൈവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അപകടത്തിന് ശേഷം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പുതിയ പാലം നിർമിക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ആറുമാസം പിന്നിട്ടിട്ടും പരിഹാരമായില്ല.
കരിന്തളം, കാലിച്ചാമരം വഴിയിൽ മുക്കട മുതൽ വൻ ഇറക്കമാണ്. അതുപോലെ തന്നെ കുന്നുംകൈ പാലത്തിനടുത്ത് കുത്തനെയുള്ള ഇറക്കവുമാണ്. പാലം താഴ്ന്ന പ്രദേശത്തായതിനാൽ ഇറക്കത്തിൽ നിന്നും നിയന്ത്രണം വിടുന്ന വാഹനങ്ങൾ തോട്ടിലേക്ക് മറിയാനുള്ള സാധ്യതയും ഏറെയാണ്.
കഷ്ടിച്ച് ഒരു വണ്ടിക്ക് പോകാനുള്ള വീതി മാത്രമേ പാലത്തിനുള്ളൂ. വണ്ടികൾ മറിഞ്ഞു പാലത്തിന്‍റെ കൈവരികൾ പൂർണമായും തകർന്ന അവസ്ഥയിലാണ്. താൽക്കാലികമായി കവുങ്ങുകൾ കൊണ്ട് കെട്ടിവച്ചിരിക്കുകയാണ് കൈവരികൾ.
പലപ്പോഴും ഗ്യാസ് സിലിണ്ടറുകളുമായി എത്തുന്ന വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പ്രദേശവാസികളിൽ ആശങ്കക്കിടയാക്കിയിട്ടുണ്ട്. തലനാരിഴക്കാണ് വൻ അപകടങ്ങൾ ഒഴിവാകുന്നതെന്ന് നാട്ടുകാർ പറയുന്നു. സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർ ഭീതിയോടെയാണ് ഈ വഴി കടന്നുപോകുന്നത്.
വലിയ വാഹനങ്ങൾ വരുമ്പോൾ കാൽനടയാത്രക്കാർക്ക് സൈഡ് നൽകാനുള്ള സൗകര്യം പോലും ഇവിടില്ല. മറ്റൊരു ദുരന്തം ഉണ്ടാകുന്നതിനു മുമ്പ് തന്നെ അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകണമെന്നും ഇല്ലെങ്കിൽ സമരമുൾപ്പെടെയുള്ള കാര്യങ്ങൾ ആലോചിക്കുമെന്നും നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

