കടന്നലാക്രമണം മൺപാത്ര വിൽപനക്കാരിയെ രക്ഷിച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവർ
text_fieldsനീലേശ്വരം: കടന്നല്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍നിന്ന് മണ്പാത്രവില്പനക്കാരിയായ സ്ത്രീയെ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവര്‍ ബസ് നിര്‍ത്തി രക്ഷപ്പെടുത്തി. കടന്നലുകളുടെ കുത്തേറ്റ് ഡ്രൈവർക്കും പരിക്കുണ്ട്. കെ.എസ്.ആർ.ടി.സി കാഞ്ഞങ്ങാട് ഡിപ്പോയിലെ ഡ്രൈവര്‍ നീലേശ്വരം കണിച്ചിറയിലെ കെ. രഞ്ജീവനാണ് (49) കടന്നലാക്രമണത്തില്നിന്ന് എരിക്കുളത്തെ കസ്തൂരിക്ക് രക്ഷകനായത്.
വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ചെറുവത്തൂര്‍- കയ്യൂര്വഴി നീലേശ്വരത്തേക്കുള്ള യാത്രക്കിടെ കയ്യൂര്‍ അരയാക്കടവ് പാലത്തില്‍വെച്ച് കുട്ടയിൽ മൺകലവുമായി നടന്നുപോകുകയായിരുന്ന കസ്തൂരിയെ കടന്നല് കുത്തുന്നത് കാണുകയായിരുന്നു. ബസ് കുറേദൂരം മുന്നോട്ടുകൊണ്ടുപോയി യാത്രക്കാരെ സുരക്ഷിതരാക്കി ബസ് നിര്‍ത്തിയശേഷം രഞ്ജീവൻ ഓടിവന്ന് കസ്തൂരിയെ ദേഹത്ത് ഷാൾ പുതച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ഇതിനിടയാണ് രഞ്ജീവനും കടന്നൽ കുത്തേറ്റത്. പിന്നീട് ബസ് നീലേശ്വരം സ്റ്റാൻഡിലെത്തിച്ച് കസ്തൂരിയെ കയ്യൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നാട്ടുകാർ പ്രവേശിപ്പിച്ചു. മുഖത്തും കൈക്കും കുത്തേറ്റ ബസ് ഡ്രൈവർ രഞ്ജീവനെ സഹപ്രവർത്തകർ പിന്നീട് നീലേശ്വരം താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. കടന്നൽ കുത്തേറ്റ് സ്ത്രീ നിരവധി വാഹനങ്ങൾക്ക് നേരെ കൈനീട്ടിയെങ്കിലും ആരും വാഹനം നിർത്താത്തതിനാലാണ് താൻ ബസ് നിർത്തി രക്ഷപ്പെടുത്തിയതെന്ന് രഞ്ജീവൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

