അനധികൃത മത്സ്യബന്ധനം; ബോട്ടുകൾ പിടികൂടി
text_fieldsഫിഷറീസ് വകുപ്പ് പിടികൂടിയ കർണാടക ബോട്ടുകൾ
നീലേശ്വരം: അനധികൃത മത്സ്യബന്ധനം നടത്തിയ മൂന്നു കർണാടക ബോട്ടുകൾ പിടികൂടി. ഫിഷറീസ് വകുപ്പ് ഏഴു ലക്ഷം രൂപ പിഴയീടാക്കി. കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്സ്മെന്റ്, ഫിഷറീസ് വകുപ്പ് എന്നിവ സംയുക്തമായി കടലിൽ നടത്തിയ രാത്രികാല പട്രോളിങ്ങിലാണ് ബോട്ടുകൾ പിടികൂടിയത്.
ബുധനാഴ്ച രാത്രി കാസർകോട് തീരത്തുനിന്ന് അഞ്ചു നോട്ടിക്കൽ മൈലിനുള്ളിൽ നിരോധിച്ച പെഴ്സീൻ വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയതിനും നൈറ്റ് ട്രോളിങ് ചെയ്തതിനും കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരമാണ് നടപടി. കർണാടക ബോട്ടുകളായ ശ്രേയ, ഇന്ത്യൻ ബ്ലൂ, ജല പഞ്ചാക്ഷരി എന്നിവയുടെ ഉടമകൾക്കെതിരെയാണ് അഡ്ജുഡിക്കേഷൻ നടപടികൾക്കുശേഷം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.എ. ലബീബ് പിഴ വിധിച്ചത്. ഫിഷറീസ് അസി. ഡയറക്ടർ തസ്നീമ ബീഗം തൃക്കരിപ്പൂർ, മത്സ്യ ഭവനിലെ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ ഐശ്വര്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബോട്ടുകൾ പിടികൂടിയത്.
മറൈൻ എൻഫോഴ്സ്മെന്റ് വിങ്ങിലെ ശരത് കുമാർ തൃക്കരിപ്പൂർ, കോസ്റ്റൽ പൊലീസിലെ സുഭാഷ്, ബേക്കൽ കോസ്റ്റൽ പൊലീസ് എ.എസ്.ഐ പ്രകാശൻ, ഷിറിയ കോസ്റ്റൽ പൊലീസിലെ സി. പ്രജീഷ്, റെസ്ക്യൂ ഗാർഡ്മാരായ മനു, അജീഷ് കുമാർ, സ്രാങ്ക് ഷൈജു, എൻജിൻ ഡ്രൈവർ വിനോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. നിയമലംഘനം നടത്തി കേരളതീരത്ത് മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് ഫിഷറീസ് ഡി.ഡി അറിയിച്ചു.

