അനധികൃത മത്സ്യബന്ധനം: ബോട്ടുകൾക്ക് 7.5 ലക്ഷം പിഴ
text_fieldsനീലേശ്വരം: അനധികൃത മത്സ്യബന്ധനത്തിനിടെ പിടികൂടിയ മൂന്നു ബോട്ടുകളിൽ നിന്ന് 7.5 ലക്ഷം രൂപ പിഴ ഈടാക്കി. ഫിഷറീസ് വകുപ്പും അഴിത്തല, ഷിറിയ, ബേക്കൽ എന്നീ കോസ്റ്റൽ പൊലീസും സംയുക്തമായി നടത്തിയ രാത്രികാല പട്രോളിങ്ങിൽ പിടിച്ചെടുത്ത മൂന്നു കർണാടക ബോട്ടിൽ നിന്നാണ് 7.5 ലക്ഷം രൂപ പിഴയ ഈടാക്കിയത്.
നിയമാനുസൃത രേഖകൾ ഇല്ലാതെയും നിരോധിത വലകൾ ഉപയോഗിച്ചും തീരത്തോട് ചേർന്ന് മത്സ്യബന്ധനം നടത്തിയതിനാണ് കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം നടപടി സ്വീകരിച്ചത്. കർണാടക ബോട്ടുകളായ വാസവി, അഞ്ചനാദ്രി, വിന്നേഴ്സ് എന്നിവയാണ് കാഞ്ഞങ്ങാട് കടപ്പുറത്തിന്റെ 14 നോട്ടിക്കൽ മൈൽ ദൂരത്തുനിന്ന് പിടികൂടിയത്. വരും ദിവസങ്ങളിൽ രാത്രികാല കടൽ പട്രോളിങ് കർശനമാക്കുമെന്ന് കാസർകോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.എ. ലബീബ് അറിയിച്ചു.

