കളിസ്ഥലമൊരുക്കാൻ മത്സ്യവിൽപന
text_fieldsകുണ്ടൂർ പ്രദേശവാസികൾ കളിസ്ഥല ഫണ്ട് സമാഹരണത്തിനായി കാലിച്ചാമരത്ത് നടത്തിയ മീൻവിൽപന
നീലേശ്വരം: നല്ല ആരോഗ്യമുള്ള വരുംതലമുറയെ വാർത്തെടുക്കാനായി നല്ലൊരു കളിസ്ഥലം നിർമിക്കാനുള്ള പണം കണ്ടെത്താൻ മീൻ വിൽപനയുമായി നാട്ടുകാർ ഒന്നിച്ചിറങ്ങി. കിനാനൂർ കരിന്തളം പഞ്ചായത്തിലെ കുണ്ടൂർ ദേശക്കാരുടെ കൂട്ടായ്മയിലാണ് തലമുറകൾക്ക് കളിച്ചുവളരാൻ മൈതാനമൊരുക്കാൻ രംഗത്തിറങ്ങിയത്.
15 ലക്ഷം രൂപയാണ് ഭൂമി വാങ്ങുന്നതിനും കളിസ്ഥലമൊരുക്കുന്നതിനും ചെലവ്. ഇതിന്റെ ഫണ്ട് സ്വരൂപിക്കുന്നതിനാണ് കാലിച്ചാമരത്ത് മീൻവിൽപന നടത്തിയത്. ചെറുവത്തൂർ ഹാർബറിൽനിന്ന് ലക്ഷം രൂപയുടെ മീൻ വാങ്ങിയാണ് സ്ത്രീകളടക്കമുള്ളവർ വിൽപന നടത്തിയത്.
കുണ്ടൂരിൽ നിർമിക്കുന്ന കളിക്കളത്തിന് ഫണ്ട് കണ്ടെത്താൻ വിവിധങ്ങളായ മാർഗങ്ങളാണ് ജനകീയ കമ്മിറ്റി സ്വീകരിച്ചിട്ടുള്ളത്. വനിതകളുടെ നേതൃത്വത്തിൽ ചക്ക ചിപ്സ് നിർമാണം, യുവാക്കളുടെ നേതൃത്വത്തിൽ പാഴ്വസ്തുക്കളുടെ ശേഖരണം, ക്ലബിന്റെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച്, മുക്കട പാലത്തിനുസമീപം ഫുഡ് പോയന്റ് എന്നിവ ഇതിനോടകം സംഘടിപ്പിച്ചുകഴിഞ്ഞു. ഇതിന്റെ ഭാഗമായാണ് മീൻ വിൽപനയും. കാലിച്ചാമരം ടൗണിൽ രാത്രി വരെയും മീൻ വിൽപന തകൃതിയിൽ നടന്നു. വാഹനങ്ങളിൽ കൊണ്ടുപോയും മത്സ്യ വിൽപന നടത്തിയിരുന്നു.
വരയിൽ രാജൻ, വി. അമ്പൂഞ്ഞി, എം. ചന്ദ്രൻ, വി.ജി. അനീഷ്, എൻ. വിനോദ്, യു. രതീഷ്, എൻ. രാജൻ, പി.പി. അനീഷ്, എൻ.കെ. നാരായണൻ, എൻ.കെ. രജിത്, കെ. അനുരാജ്, കെ. വിനീത്, വി. സതീശൻ, കെ. കൃഷ്ണൻ, എൻ. മാളവിക, എ.സി. ദിവ്യ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

