നീലേശ്വരം എഫ്.സി.ഐ ഗോഡൗൺ മേൽക്കൂരക്ക് ഷീറ്റിടൽ ആരംഭിച്ചു
text_fieldsനീലേശ്വരം എഫ്.സി.ഐ ഗോഡൗണിന്റെ മേൽക്കൂരക്ക് ഷീറ്റിടുന്നു
നീലേശ്വരം: ജില്ലയിലെ ഏക ഭക്ഷ്യധാന്യ സംഭരണ കേന്ദ്രമായ നീലേശ്വരം എഫ്.സി.ഐ ഗോഡൗണിന്റെ മേൽക്കൂരയിൽ ഷീറ്റ് പാകൽ തുടങ്ങി. ഒരാഴ്ചക്കുള്ളിൽ ഷീറ്റ് പൂർണമായും സ്ഥാപിക്കാൻ കഴിയും. നീല ഷീറ്റാണ് പുതുതായി പാകുന്നത്. ജൂലൈ ആദ്യവാരത്തിലാണ് നിലവിലുണ്ടായിരുന്ന മേൽക്കൂര പൊളിച്ചുനീക്കിയത്.
പുതിയ മേൽക്കൂര സ്ഥാപിക്കാത്തതിനാൽ മഴവെള്ളം അകത്ത് ഒഴുകുന്നത് ജൂലൈ 12ന് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. ജില്ലയിലെ മുഴുവൻ റേഷൻകടകളിലേക്കും ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നത് നീലേശ്വരം റെയിൽവേ സ്റ്റേഷന് മുന്നിലുള്ള ഈ ഗോഡൗണിൽനിന്നാണ്.
മഴക്കാലമായതിനാൽ ഗോഡൗണിന്റെ ചുമരും തറയും മഴ നനഞ്ഞ നിലയിലാണ്. ഇതിൽ നിലവിൽ ധാന്യച്ചാക്കുകൾ സംഭരിച്ചിട്ടില്ലെങ്കിലും അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഗോഡൗണിന്റെ ഉൾഭാഗം തുടർച്ചയായി മഴ നനയുന്നത് ബലക്ഷയത്തിനും കീടബാധക്കും ഇടയാക്കിയേക്കുമെന്നായിരുന്നു ആശങ്ക.
എഫ്.സി.ഐ ഗോഡൗണുകളുടെ മേൽക്കൂരക്കുൾപ്പെടെ ഏകീകൃത രീതിയിലുള്ള രൂപഭാവങ്ങളും കളർ കോഡും ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീലേശ്വരത്തെ ഗോഡൗണിന്റെ മേൽക്കൂര പൊളിച്ചുനീക്കിയത്. ചുമരുകൾക്കും മറ്റും കാവി, പച്ച കളർ കോഡായിരിക്കും.
എന്നാൽ, കേരളത്തിലെ മൺസൂൺകാലം കണക്കാക്കാതെ ടെൻഡർ ചെയ്ത് പണിതുടങ്ങിയതാണ് നീലേശ്വരത്ത് വിനയായത്. വേനൽക്കാലത്ത് സീറോ സ്റ്റോക്ക് ആക്കുന്ന സമയത്തായിരുന്നെങ്കിൽ ഗോഡൗണിന് അകവും ചുമരുകളും മഴ നനയുന്ന സ്ഥിതി ഉണ്ടാകുമായിരുന്നില്ല. നീലേശ്വരത്തെ രണ്ട് ഗോഡൗണുകളിൽ ഒന്നാണ് ജോലിക്കായി കൈമാറിയത്. ഷീറ്റ് പാകി ആഴ്ചകൾ കഴിഞ്ഞാലേ ധാന്യങ്ങൾ ഇനി സ്റ്റോക്ക് ചെയ്യാൻ കഴിയുകയുള്ളൂ. മഴ വന്ന് തറയും ചുമരും നനഞ്ഞ സ്ഥിതിക്ക് അരിച്ചാക്കുകൾ വെച്ചാൽതന്നെ നനവ് തട്ടി ഉപയോഗശൂന്യമാകാനും സാധ്യതയുണ്ടെന്ന് എഫ്.സി.ഐ കയറ്റിറക്ക് തൊഴിലാളികൾ പറഞ്ഞു.

