നൊമ്പരങ്ങൾ ഉള്ളിലൊതുക്കി ചിരിപ്പിച്ച അശ്വിൻ ഇനി ജനഹൃദയങ്ങളിൽ
text_fieldsവിഷക്കാറ്റ് സിനിമയിൽ അശ്വിൻ മധു
നീലേശ്വരം: എൻഡോസൾഫാൻ രോഗബാധിതനായി മരണമടഞ്ഞ കാലിച്ചാമരത്തെ മധു- ജിഷ ദമ്പതികളുടെ മകൻ അശ്വിൻ മധു ഇനി ജനഹൃദയങ്ങളിൽ ജീവിക്കും. പരിമിതികളോട് പൊരുതി മറ്റുള്ള വിദ്യാർഥികൾക്കൊപ്പം ചായ്യോത്ത് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു പഠനത്തോടൊപ്പം സിനിമയിലും ടെലിഫിലിമുകളിലും മികച്ച അഭിനയം കാഴ്ച്വെച്ച് എല്ലാവർക്കും പ്രിയങ്കരനായിരുന്നു അശ്വിൻ. നിരാലംബരായ രോഗികളെ സഹായിക്കുന്നതിനും രോഗാവസ്ഥയിൽനിന്നും മോചിതരാകാൻ പ്രചോദനം നൽകുന്നതിനുംവേണ്ടി ആരോഗ്യവകുപ്പിെന്റ സഹകരണത്തോടെ എൻസോസൾഫാൻ പ്രമേയമായി നിർമ്മിച്ച ‘വിഷക്കാറ്റ്’ എന്ന സിനിമയിൽ മികച്ച അഭിനയം കാഴ്ച്ചവെച്ചതിന് ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു.
നിരവധി ആൽബങ്ങളിലും കാസർകോട് പ്രമേയമായി ചിത്രീകരിച്ച ‘ചന്ദ്രഗിരി’ എന സിനിമയിലും പ്രധാന കഥാപാത്രമായി തിളങ്ങി. കിനാനൂർ കരിന്തളം പഞ്ചായത്തും എക്സൈസ് വകുപ്പം ചേർന്ന് നിർമിച്ച് തിരുവനന്തപുരം സംസ്ഥാന ഫിലിം ഫെസ്റ്റിവലിൽ അവാർഡ് നേടിയ ‘കനലെരിയും ബാല്യങ്ങളിലെ’ പ്രധാന വേഷത്തിലും മികച്ച അഭിനയം കാഴ്ച്ചവെച്ചു. ശനിയാഴ്ച് രാവിലെ ചായ്യോത്ത് ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ അധ്യാപകരും വിദ്യാർഥികളും വിതുമ്പുകയായിരുന്നു. തുടർന്ന് കാലിച്ചാമരത്തെ വീട്ടിലെത്തിച്ച് ചടങ്ങുകൾക്കുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി. കിനാനൂർ - കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി. വൈസ് പ്രസിഡന്റ്. പി. ശാന്ത പഞ്ചായത്ത് അംഗങ്ങളായ പി. ധന്യ, കെ.വി. ബാബു, സ്കൂൾ പ്രിൻസിപ്പൽ കെ.ടി. സീമ, പ്രധാനധ്യാപകൻ കെ. സുരേന്ദ്രൻ. പി.ടി.എ പ്രസിഡന്റ് സി. ബിജു, മദർ പി.ടി.എ പ്രസിഡന്റ് കെ. ഷാനി, പാറക്കോൽ രാജൻ, വരയിൽ രാജൻ, എം.വി. രതീഷ്, വിഷക്കാറ്റ് സിനിമയുടെ സംവിധായകൻ കെ. അജീഷ് എന്നിവർ അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

