നീലേശ്വരം: കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായ, നീലേശ്വരം താലൂക്ക് ആശുപത്രി വളപ്പിനകത്തെ കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ തുടങ്ങി. അരനൂറ്റാണ്ടിലധികം പഴക്കം ചെന്ന ഓടുവെച്ച കെട്ടിടങ്ങളാണ് പൊളിച്ചുമാറ്റുന്നത്. 1957ലാണ് ആശുപത്രി കെട്ടിടം നിർമിച്ചത്.
നീലേശ്വരം മണ്ഡലത്തിൽ നിന്ന് ആദ്യ ബാലറ്റ് പേപ്പർ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച സംസ്ഥാനത്ത ആദ്യ മുഖ്യമന്ത്രിയായ ഇ.എം.എസ് നമ്പൂതിരിപ്പാടാണ് ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്തത്. ഈ ഇടുങ്ങിയ കെട്ടിടത്തിലാണ് കഴിഞ്ഞ 65 വർഷം ഒ.പി വിഭാഗവും രോഗികളെ അഡ്മിറ്റും ചെയ്ത് പ്രവർത്തിച്ചിരുന്നത്.
എൻഡോസൾഫാൻ പാക്കേജിൽ ഉൾപ്പെടുത്തി ഒരുകോടി രൂപ ചെലവഴിച് നിർമിച്ച കെട്ടിടം യാഥാർഥ്യമായതോടെയാണ് ചികിത്സാകേന്ദ്രം ഇങ്ങോട്ട് മാറ്റിയത്. തുടർന്നാണ് പഴയ കെട്ടിടം പൊളിച്ചുനീക്കാൻ ആശുപത്രി അധികൃതർ തയാറായത്. എന്നാൽ, പുതിയ ആശുപത്രി കെട്ടിടത്തിലേക്ക് റോഡ് സൗകര്യം ഇല്ലാത്തത് രോഗികൾക്കും ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്കും ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.