ദേശീയപാത നീലേശ്വരം അടിപ്പാതയിൽ വിള്ളൽ
text_fieldsനീലേശ്വരത്തെ അടിപ്പാതയിലെ ഇടതുഭാഗത്തെ ഭിത്തിയിൽ വിള്ളൽ വീണ നിലയിൽ
നീലേശ്വരം: ദേശീയപാത നിർമാണത്തിന്റെ ഭാഗമായുള്ള നീലേശ്വരം റീച്ചിൽ മാർക്കറ്റ് ജങ്ഷനിൽ പുതുതായി നിർമിച്ച അടിപ്പാതഭിത്തിയിൽ വിള്ളൽ രൂപപ്പെട്ടു. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് നിരവധി തവണ ജനപ്രതിനിധികളടക്കം ഇടപെട്ട് വലിയ അവകാശവാദങ്ങളുമായി രംഗത്തുവന്ന് നിർമിച്ച നീലേശ്വരം മാർക്കറ്റ് ജങ്ഷനിലെ അടിപ്പാതയിൽ വിള്ളൽ വീണതിൽ ആശങ്കയിലാണ് നാട്ടുകാർ.
നീലേശ്വരം നഗരത്തിലേക്കുള്ള പ്രവേശനകവാടമാണ് ഈ അടിപ്പാത. നഗരത്തെ രണ്ടായി പകുക്കുന്ന മണ്ണിട്ടുയർത്തിയുള്ള നിർമിതിക്കെതിരായും ആകാശപാത നിർമിക്കണമെന്നുമാവശ്യപ്പെട്ട് ആദ്യം കക്ഷിരാഷ്ട്രീയം മറന്നും പിന്നീട് രാഷ്ട്രീയസമരമായും സമരം സംഘടിപ്പിക്കുകയും വെവ്വേറെ കേന്ദ്രമന്ത്രിമാരെ കാണുകയും ചെയ്തതിനുശേഷമാണ് ഏഴുമീറ്റർ വീതിയിൽ രാജാറോഡിന് അഭിമുഖമായി അടിപ്പാത അനുവദിച്ചത്. ഈ അടിപ്പാതയിലൂടെ വാഹനങ്ങൾക്കാണ് സുഗമമായി കടന്നുപോകാൻ കഴിയുമോ എന്നത് നിലവിൽ ചോദ്യചിഹ്നമാണ്.
മലപ്പുറത്ത് കൂരിയാടും തിരുവനന്തപുരത്തും മണ്ണിട്ടുയർത്തിയുള്ള നിർമാണം തകർന്നത് ബലക്കുറവുള്ള മണ്ണിൽ നിർമാണം നടത്തിയത് കാരണമാണെന്നും ഇനിയുള്ള നിർമിതികൾ തൂണുകളിൽതന്നെ വേണമെന്നും ദേശീയപാത അതോറിറ്റി നിഷ്കർഷിച്ചിട്ടും നീലേശ്വരത്ത് അധികൃതരുടെ ഒത്താശയോടെ ചതുപ്പിലും വെള്ളക്കെട്ടിലും മണ്ണിട്ടുയർത്തിയുള്ള നിർമാണം ദ്രുതഗതിയിൽ നടന്നുവരുന്നതിനിടെയാണ് അടിപ്പാതയിൽ രൂപപ്പെട്ട വിള്ളൽ ശ്രദ്ധയിൽപെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

