നീലേശ്വരം: തൈക്കടപ്പുറത്ത് സി.പി.എം- ബി.ജെ.പി പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിൽ പൊലീസ് കേസെടുത്തു.തൈക്കടപ്പുറം സ്വദേശികളായ റംസി, വിനു, സഞ്ചയ് ഉൾപ്പെടെ കണ്ടാലറിയാവുന്ന 80 പേർക്കെതിരായാണ് കേസ്. ഇരുവിഭാഗങ്ങളെയും പിന്തിരിപ്പിക്കുന്നതിനിടയിൽ എസ്.ഐ കെ.പി. സതീഷിനും പരിക്കുപറ്റി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എസ്.ഐയുടെ പരാതിയിലും കേസെടുത്തു.
തൈക്കടപ്പുറം എൽ.പി സ്കൂൾ പരിസരത്താണ് സംഘർഷമുണ്ടായത്. ഇരുവിഭാഗങ്ങളെയും പിന്തിരിപ്പിക്കാൻ പൊലീസ് ലാത്തിവീശി. ഏതാനും ദിവസങ്ങളായി കൊടിമരത്തെ ചൊല്ലി ഇരു വിഭാഗങ്ങളും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. നേരത്തെ സ്കൂൾ പരിസരത്ത് സ്ഥാപിച്ച സി.പി.എം കൊടിമരം നശിപ്പിക്കപ്പെട്ടിരുന്നു. ഇതേത്തുടർന്ന് സി.പി.എം പ്രതിഷേധ പ്രകടനവും യോഗവും നടത്തിയിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.