കലശോത്സവത്തിനിടെ സംഘർഷം; ആറ് പേർ അറസ്റ്റിൽ
text_fieldsനീലേശ്വരം: മന്നൻപുറത്ത് കാവിലെ കലശോത്സവത്തോടനുബന്ധിച്ച് യുവാവിനെ വധിക്കാൻ ശ്രമിക്കുകയും പൊലീസിനെ അക്രമിക്കുകയും ചെയ്ത ആറുപേരെ അറസ്റ്റ് ചെയ്തു. പാലായിലെ കടവത്ത് ഹൗസിലെ അമ്പാടിക്കട മകൻ കെ. അനീഷിന് (32) നേരെയാണ് വധശ്രമം ഉണ്ടായത്. ഈ സംഭവത്തിൽ ചിറപ്പറത്തെ കെ. സുധീഷ് (26), പേടീറോഡിലെ സി.വി. നവനീത് (22), എം.വി. കിഷോർ (26) എന്നിവർക്കെതിരെ വധശ്രമ കുറ്റം ചുമത്തി കേസെടുത്തു.
ഞായറാഴ്ച വൈകീട്ട് അഞ്ചിന് മന്നൻ പുറത്ത്കാവിന് സമീപം എൻ.കെ.ബി.എം ആശുപത്രിക്ക് സമീപം വച്ചാണ് അനീഷിന് നേരെ അക്രമമുണ്ടായത്. ഇരുമ്പാണിയടിച്ച വടികൊണ്ടുള്ള അടിയേറ്റ് തലക്ക് മാരക പരിക്കേറ്റു. മന്നൻ പുറത്ത് കാവിലെ കലശത്തിന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിനെ കയ്യേറ്റം ചെയ്യുകയും ക്യത്യനിർവഹണം തടസപ്പെടുത്തിയതിനും രണ്ട് പേരെ അറസ്റ്റ് ചെയ്തു. സി.പി.ഒ രാമചന്ദ്രന്റെ പരാതിയിൽ ആലിങ്കീഴിലെ കെ. സുധീഷ് (35), നവനീത് (28), കിഷോർ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

