കെട്ടിടങ്ങൾക്ക് പഴക്കം ദുരന്തംകാത്ത് നീലേശ്വരം നഗരം
text_fieldsഞായറാഴ്ച പുലർച്ച തകർന്നുവീണ രാജാ റോഡിലെ
കെട്ടിടത്തിന്റെ ഭാഗം
നീലേശ്വരം: നീലേശ്വരം നഗരത്തിലെ കാലപ്പഴക്കംചെന്ന കെട്ടിടങ്ങൾ പൊളിച്ചുനീക്കുമെന്ന നഗരസഭ അധികൃതരുടെ തീരുമാനം നിലനിൽക്കുന്നതിനിടയിൽ വീണ്ടും കെട്ടിടം തകർന്നുവീണു. ബസ് സ്റ്റാൻഡിന് കിഴക്കുവശത്തായി രാജാ റോഡിന് അരികിലുള്ള ഓടിട്ട കെട്ടിടത്തിന്റെ മുൻഭാഗമാണ് ഞായറാഴ്ച പുലർച്ച തകർന്ന് റോഡിലേക്ക് വീണത്. പുലർച്ച ആയതിനാൽ വൻ അപകടം ഒഴിവായി. കാലപ്പഴക്കംകൊണ്ട് ദ്രവിച്ച് ഏതുനിമിഷവും തകർന്നുവീഴാവുന്ന നിരവധി കെട്ടിടങ്ങൾ നഗരത്തിലുണ്ട്. കെട്ടിടം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് ഉടമകൾക്ക് നഗരസഭ നോട്ടീസ് അയച്ചുവെങ്കിലും പൊളിച്ചുനീക്കാൻ തയാറായില്ല. എന്നാൽ അപകട സാധ്യത കണക്കിലെടുത്ത് നഗരസഭ അധികൃതരും പൊളിച്ചുനീക്കാൻ തയാറാകുന്നില്ല. മാർക്കറ്റ് ജങ്ഷൻ മുതൽ റെയിൽവേ സ്റ്റേഷൻ വരെയുള്ള റോഡരികിൽ നിരവധി കെട്ടിടങ്ങൾ കാലാവധി കഴിഞ്ഞ് ഏതുനിമിഷവും തകർന്നുഴുന്ന സ്ഥിതിയിലാണ്. നീലേശ്വരം നഗരത്തിലെ അപകടകരമായി നിൽക്കുന്ന കെട്ടിടങ്ങൾ തകർന്ന് വീഴുമ്പോൾ പലരും അപകടത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം നഗരസഭ ചെയർമാൻ മുൻകൈയെടുത്ത് കെട്ടിട ഉടമകൾക്ക് നോട്ടീസ് നൽകി യോഗം വിളിച്ചുചേർത്ത് തീരുമാനത്തിന്റെ മഷിയുണങ്ങും മുമ്പാണ് ഞായറാഴ്ച പുലർച്ച പഴയ കെട്ടിത്തിന്റെ ഒരു ഭാഗം തകർന്നത്. കെട്ടിടത്തിന്റെ താഴെ ഭാഗത്തെ മേൽക്കൂരയാണ് റോഡിലേക്ക് പതിച്ചത്. സാധാരണ ദിവസങ്ങളിൽ നൂറുകണക്കിന് ആളുകളും വാഹനങ്ങളും കടന്നുപോകുന്ന തിരക്കേറിയ കനറാ ബാങ്കിന്റെ എതിർവശത്തെ പാതയോരത്താണ് ഈ അപകടം സംഭവിച്ചത്.
വർഷങ്ങളോളം പഴക്കമുള്ള, പൂർണമായും ജീർണാവസ്ഥയിലായിരുന്ന ഈ ഇരുനില കെട്ടിടത്തിന്റെ അപകടാവസ്ഥയെക്കുറിച്ച് വ്യാപാരികളും പൊതുജനങ്ങളും നേരത്തെ തന്നെ അധികൃതർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. കെട്ടിടത്തിന്റെ മുകൾനിലയിലെ തടികൊണ്ടുള്ള തൂണുകളും ഉത്തരങ്ങളും ദ്രവിച്ച് ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലായിരുന്നു. മഴക്കാലം ശക്തമായതോടെ മേൽക്കൂരയിലൂടെ വെള്ളം ഒലിച്ചിറങ്ങി ചുവരുകൾ കൂടുതൽ ദുർബലമാവുകയും ചെയ്തു. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ അപകടാവസ്ഥയിലുള്ള കടമുറികൾ സമീപത്ത് തന്നെയുണ്ട്. മുഖ്യബസാറിലെ പഴയ കെട്ടിടത്തിൽനിന്ന് ഒന്നരവർഷം മുമ്പ് ഓടുകളും പട്ടികകളും റോഡിലേക്ക് പൊളിഞ്ഞുവീണ് യാത്രക്കാരൻ അപകടത്തിൽപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

