സമരപ്പന്തലിൽ അതിജീവനത്തിന്റെ വിഷുക്കണിയൊരുക്കി
text_fieldsനീലേശ്വരത്ത് ജനകീയ സമരസമിതി പന്തലിൽ ഒരുക്കിയ അതിജീവനത്തിന്റെ പ്രതിഷേധക്കണി
നീലേശ്വരം: ദേശീയപാത വികസനത്തിന്റെ ഭാഗമായി നീലേശ്വരം നഗരത്തെ വിഭജിച്ച് നിർമിച്ച മണ്ണുയർത്തിയുള്ള റോഡിന് പകരം തൂണുകളിലൂന്നിയ ആകാശപാത വേണമെന്നാവശ്യപ്പെട്ട് നടക്കുന്ന ജനകീയ സമരം 26ാം ദിവസത്തിലേക്ക് കടന്നു. വിഷുദിനത്തിൽ മാർക്കറ്റ് ജങ്ഷനിലെ സമരപ്പന്തലിൽ അതിജീവനത്തിന്റെ കണിയൊരുക്കി വേറിട്ട പ്രതിഷേധത്തിന് സാക്ഷ്യംവഹിച്ചു.
നഗരത്തിന്റെ സ്വാഭാവിക വളർച്ചയെയും വ്യാപാര മേഖലയെയും തകർക്കുന്ന രീതിയിലുള്ള നിർമാണ പ്രവർത്തനങ്ങൾക്കെതിരെ അധികൃതരുടെ കണ്ണുതുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊന്നപ്പൂക്കളും ഫലവർഗങ്ങളും ഉപയോഗിച്ച് സമരവേദിയിൽ കണിയൊരുക്കിയത്. മൺതിട്ട കെട്ടി പാത ഉയർത്തുന്നത് നീലേശ്വരം നഗരത്തെ രണ്ടായി വിഭജിക്കുമെന്നും ഇത് സാധാരണക്കാരുടെ സഞ്ചാരസ്വാതന്ത്ര്യത്തെയും സുരക്ഷയെയും സാരമായി ബാധിക്കുമെന്നുമാണ് ജനകീയ സമരസമിതി പ്രവർത്തകർ പറയുന്നത്. നഗരത്തിന്റെ ഹൃദയഭാഗമായ പൊലീസ് സ്റ്റേഷൻ മുതൽ നീലേശ്വരം പുഴ വരെ തൂണുകളിലൂന്നിയ ആകാശപാത വേണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് സമരസമിതി പ്രഖ്യാപിച്ചു. നഗരത്തിന്റെ ഭാവിയെ കരുതിയുള്ള ഈ ന്യായമായ ആവശ്യം അംഗീകരിക്കുന്നതുവരെ പ്രതിഷേധം തുടരാനാണ് നാട്ടുകാരുടെ തീരുമാനം.
വിഷുദിനത്തിലും തളരാത്ത വീര്യത്തോടെ സമരപ്പന്തലിൽ സജീവമായ നാട്ടുകാർക്ക് പിന്തുണയുമായി വിവിധ മേഖലകളിൽനിന്നുള്ളവർ എത്തിക്കൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച വൈകീട്ട് ആറിന് കോൺവെൻറ് ജങ്ഷനിൽനിന്ന് സമരപ്പന്തൽ വരെ പ്രതിഷേധ ജ്വാലയുയർത്തി വേറിട്ട സമരം നടത്തി. സമരസമിതി ചെയർമാൻ ശ്രീനാഥ് രവി, കൺവീനർ ഡി. രാജൻ, സാദിക്ക് ഹാജി കോട്ടപ്പുറം എന്നിവരാണ് അനിശ്ചിതകാല ജനകീയ സമരത്തിന് നേതൃത്വം കൊടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

