മഞ്ചേശ്വരത്തെ കുടിവെള്ളക്ഷാമം മാസ്റ്റർ പ്ലാൻ തയാറാക്കും
text_fieldsമഞ്ചേശ്വരം മണ്ഡലത്തിലെ ജലക്ഷാമം പരിഹരിക്കാനുള്ള യോഗത്തിൽ എ.കെ.എം അഷ്റഫ് എം.എൽ.എ സംസാരിക്കുന്നു
മഞ്ചേശ്വരം: മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ കുടിവെള്ള -ജലസേചന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി ജലസേചന -ജലവിഭവ വകുപ്പുകളുടെ സംയുക്ത യോഗം എ.കെ.എം അഷ്റഫ് എം.എൽ.എയുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്നു. മണ്ഡലത്തിലെ നിലവിലുള്ള ജലസേചന-കുടിവെള്ള പദ്ധതികളുടെയും ജൽ ജീവൻ മിഷൻ, ജലനിധി പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനും ഭാവിയിൽ നടപ്പാക്കേണ്ട വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുമാണ് സംയുക്ത യോഗം വിളിച്ചുചേർത്തത്. ജലക്ഷാമം പൂർണമായി പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള സമഗ്രമായ മാസ്റ്റർ പ്ലാൻ തയാറാക്കാൻ യോഗത്തിൽ തീരുമാനമായി. മണ്ഡലത്തിലെ കുളങ്ങൾ, തോടുകൾ എന്നിവയുടെ നവീകരണവും പുഴകളിൽ പുതിയ ചെക്ക് ഡാമുകളുടെയും വി.സി.ബിയുടെയും നിർമാണവും കിണർ റീചാർജ്ജ് അടക്കമുള്ള ജലാസംരക്ഷണ പദ്ധതികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പദ്ധതി തയാറാക്കും.
ഉപ്പള പുഴയിൽ നേരത്തെ അനുവദിക്കുകയും എന്നാൽ വിവിധ സാങ്കേതിക കാരണങ്ങളാൽ ഇപ്പോൾ അനിശ്ചിതത്തിലായ അഞ്ച് ഡാമുകളുടെ കാര്യം സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവരും. ഇതിനായി തിരുവനന്തപുരത്ത് ജലവിഭവ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം വിളിച്ചുചേർക്കുമെന്നും എം.എൽ.എ യോഗത്തെ അറിയിച്ചു. മീഞ്ചദേരംബള പാലം പുനർനിർമാണത്തിന് ആവശ്യമായ തുകയും തീരദേശ മേഖലകളിൽ രൂക്ഷമായ കടൽക്ഷോഭം തടയുന്നതിനായി കൂടുതൽ ശാസ്ത്രീയമായ പദ്ധതികൾ തയാറാക്കി സർക്കാറിന് മുന്നിൽ സമർപ്പിക്കാൻ യോഗം തീരുമാനിച്ചു.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.കെ സൈഫുല്ല തങ്ങൾ, മൈനർ ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ ഇ.കെ. അർജുനൻ, കേരള വാട്ടർ അതോറിറ്റി പ്രോജക്ട് കാഞ്ഞങ്ങാട് എക്സിക്യൂട്ടിവ് എൻജിനീയർ പി.എസ്. സുബിൻ, പി.ഡബ്ല്യു.ഡി മെക്കാനിക്കൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ സി. ഈശ്വരപ്രസാദ് , മൈനർ ഇറിഗേഷൻ മഞ്ചേശ്വരം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ ടി. ഗോകുലൻ , ഇറിഗേഷൻ കാഞ്ഞങ്ങാട് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ കെ.എൻ. സുനിത, കേരള വാട്ടർ അതോറിറ്റി പ്രൊജക്ട് ഡിവിഷൻ ഡബ്ല്യു.എസ്.പി സബ് ഡിവിഷൻ അസി. എക്സിക്യൂട്ടിവ് എൻജിനീയർ ടി.വി. ശ്രീനേഷ്, മെക്കാനിക്കൽ അസി. എൻജിനീയർമാരായ കെ.വി. രഞ്ജിത് കുമാർ, കെ.സഞ്ജയ്, വി.സി.ശോഭന, എം. നിമ്മി, ടോം മാത്യു, ജി. മഞ്ജു, പി.എസ്. വിജയൻ, ഡ്രാഫ്റ്റ്സ്മാൻ കെ.വി. രേഷ്മ, കെ.ആർ.ഡബ്ല്യു.എസ്.എ പ്രതിനിധി കെ. രാജീവൻ, കേരള വാട്ടർ അതോറിറ്റി പ്രതിനിധികളായ ടി.ഒ. രമ, ശിവരഞ്ജിനി, അഷ്റഫ് കൊടിയമ്മ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

