Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightManjeshwarchevron_rightമഞ്ചേശ്വരം താലൂക്ക്...

മഞ്ചേശ്വരം താലൂക്ക് ആശുപത്രി ഡയാലിസിസ് കേന്ദ്രം 22ന് നാടിന് സമർപ്പിക്കും

text_fields
bookmark_border
മഞ്ചേശ്വരം താലൂക്ക് ആശുപത്രി ഡയാലിസിസ് കേന്ദ്രം 22ന് നാടിന് സമർപ്പിക്കും
cancel
camera_alt

മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിൽ സജ്ജീകരണം പൂർത്തിയാക്കിയ ഡയാലിസിസ് സെൻറർ

മഞ്ചേശ്വരം: ജില്ലയുടെ അതിര്‍ത്തിപ്രദേശമായ മഞ്ചേശ്വരത്തി​െൻറ ആരോഗ്യമേഖലക്ക് പുതിയ ഊര്‍ജം പകര്‍ന്ന് ഡയാലിസിസ് കേന്ദ്രം തയാറായി. ആരോഗ്യസേവനങ്ങള്‍ക്കായി മംഗളൂരു, കാസര്‍കോട് തുടങ്ങിയ പ്രദേശങ്ങളെ ആശ്രയിച്ചിരുന്ന വടക്കന്‍മേഖലയിലെ ജനങ്ങള്‍ക്ക് ആശ്വാസമാവുന്ന ഡയാലിസിസ് കേന്ദ്രം ഈ മാസം 22ന് നാടിന് സമര്‍പ്പിക്കും.

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തി​െൻറ ആഭിമുഖ്യത്തിലുള്ള സ്വപ്ന പദ്ധതി മംഗല്‍പ്പാടിയിലെ താലൂക്ക് ആശുപത്രി കോമ്പൗണ്ടിലാണ് പ്രവര്‍ത്തന സജ്ജമായത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തി കൊട്ടിയടച്ചപ്പോള്‍ ചികിത്സക്ക്​ മംഗളൂരുവിനെ ആശ്രയിച്ചിരുന്ന മഞ്ചേശ്വരത്തെയും മറ്റു ഭാഗങ്ങളിലെയും ജനങ്ങള്‍ വളരെയധികം പ്രയാസമാണ് നേരിട്ടത്.

ചികിത്സ നിഷേധം കാരണം ഒരുപാട് ജീവനുകളാണ് നഷ്​ടപ്പെട്ടത്. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ ജില്ല കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബുവും എം.സി. ഖമറുദ്ദീന്‍ എം.എല്‍.എയും ബ്ലോക്ക് പഞ്ചായത്തും ദ്രുതഗതിയില്‍ നടപടികള്‍ സ്വീകരിച്ച് പദ്ധതി വേഗത്തില്‍ യാഥാർഥ്യമാക്കുകയായിരുന്നുവെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ എ.കെ.എം. അഷ്‌റഫ് പറഞ്ഞു.

അന്തരിച്ച എം.എല്‍.എ പി.ബി. അബ്​ദുല്‍ റസാഖി​െൻറ ആസ്തി വികസന ഫണ്ടില്‍നിന്ന്​ 50 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതോടൊപ്പം ഉപ്പളയിലെ വ്യവസായിയും ഐഷ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ അബ്​ദുല്‍ ലത്തീഫ് ഉപ്പളഗേറ്റ് 80 ലക്ഷം രൂപയോളം വിലവരുന്ന 10 ഡയാലിസിസ് മെഷിനുകള്‍ സൗജന്യമായി നല്‍കിയതോടെ നടപടികള്‍ വേഗത്തിലായി.

വൈദ്യുതീകരണം, ട്രാന്‍സ്​ഫോര്‍മര്‍ സ്​ഥാപിക്കല്‍, ജനറേറ്റര്‍, പ്ലംബിങ്, എയര്‍ കണ്ടീഷന്‍ തുടങ്ങിയവയടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് 50 ലക്ഷം രൂപയോളം ചെലവഴിച്ചു.

എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നാണ് ആര്‍.ഒ പ്ലാൻറ്​, ഡയാലിസിസ് സെൻററിലെ ഇരിപ്പിട സൗകര്യം എന്നിവ തയാറാക്കിയിട്ടുള്ളത്. രോഗികള്‍ക്കുള്ള കിടക്ക, കട്ടില്‍, മറ്റുപകരണങ്ങള്‍ എന്നിവ കാസര്‍കോട് വികസന പാക്കേജിലുള്‍പ്പെടുത്തിയാണ് ഒരുക്കിയത്. ബി.പി.എല്‍ വിഭാഗം, എസ്​.സി, എസ്.ടി തുടങ്ങിയ സാമ്പത്തികമായി പിന്നാക്കമുള്ളവര്‍ക്ക് ചികിത്സ പൂര്‍ണമായും സൗജന്യമാണ്.

ബ്ലോക്ക് പരിധിയില്‍ നിലവില്‍ 150ഓളം വൃക്കരോഗികളാണ് ആഴ്ചയില്‍ മൂന്ന് പ്രാവശ്യം കാസര്‍കോട്, മംഗളൂരു ഭാഗത്തുള്ള സ്വകാര്യ ആശുപത്രികളില്‍ യാത്രക്ലേശം സഹിച്ച് ഡയാലിസിസിനായി പോവുന്നത്. രജിസ്​റ്റര്‍ ചെയ്തവരില്‍നിന്ന്​ ആദ്യഘട്ടത്തില്‍ 90 പേര്‍ക്ക് മൂന്ന് ഷിഫ്റ്റുകളിലായി സേവനം ലഭിക്കും.

എല്ലാ രോഗികള്‍ക്കും പ്രയോജനപ്പെടുത്താന്‍ കഴിയുന്ന വിധത്തില്‍ 250 രൂപയാണ് ഡയാലിസിസിന് ഈടാക്കുക. ബ്ലോക്ക് പഞ്ചാത്ത് ഭരണ സമിതിയുടെ കഴിഞ്ഞ രണ്ടു വര്‍ഷമായുള്ള പരിശ്രമത്തി​െൻറ പരിസമാപ്തി കൂടിയാണ് ഈ ഡയാലിസിസ് സെൻററെന്ന് എ.കെ.എം അഷ്‌റഫ് പറഞ്ഞു. ചികിത്സ കൂടാതെ വൃക്ക രോഗികള്‍ക്കായി സമാശ്വാസപ്രവര്‍ത്തനങ്ങളും വൃക്ക രോഗത്തിനെതിരെ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ബോധവത്കരണവും ഡയാലിസിസ് കേന്ദ്രത്തി​െൻറ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നടത്തിപ്പിന് മഞ്ചേശ്വരം ചാരിറ്റബ്​ള്‍ സൊസൈറ്റി ഡയാലിസിസ് സെൻറര്‍ നടത്തിപ്പിനായി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രത്യേക നിയമാവലിയോടെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ അധ്യക്ഷനായി മഞ്ചേശ്വരം ചാരിറ്റബ്​ള്‍ സൊസൈറ്റി രൂപവത്​കരിച്ചിട്ടുണ്ട്.

ജനപ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, എച്ച്.എം.സി പ്രതിനിധികള്‍ തുടങ്ങി 250 അംഗങ്ങളുള്ള ഈ സൊസൈറ്റിയുടെ നിയന്ത്രണത്തിലായിരിക്കും സെൻറര്‍ പ്രവര്‍ത്തിക്കുക.

മുന്‍ എം.എല്‍.എയുടെ സ്മരണക്കായി പി.ബി. അബ്​ദുല്‍ റസാഖ് മെമ്മോറിയല്‍ ഡയാലിസിസ് സെൻറര്‍ എന്ന പേരിലായിരിക്കും ഈ കേന്ദ്രം അറിയപ്പെടുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manjeswardialysis center
Next Story