മഞ്ചേശ്വരം: കഴിഞ്ഞദിവസം ബന്തിയോട് ഇരു ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ വെടിവെപ്പും തുടർന്നുണ്ടായ അക്രമപരമ്പരകളിലും മൂന്നു കേസുകൾ രജിസ്റ്റർ ചെയ്യുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മൂന്ന് കൊലക്കേസ് പ്രതികളടക്കം 11 പേർക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. ബന്തിയോട് ബൈദയിലെ അമീര്‍ എന്ന ടിക്കി അമ്മി (29) യെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്.
മൂന്ന് സംഭവങ്ങളിലായി 11 പേര്‍ക്കെതിരെയാണ് കേസെടുത്തത്. കാറും മിനി ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശനിയാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് ബന്തിയോട് അടക്കയില്‍ വെടിവെപ്പുണ്ടായത്. മൊയ്തീന്‍ ഷെബീര്‍, ലത്തീഫ്, ജായി, സാധു, ആരിക്കാടിയിലെ ഗുണ്ടു ഉസ്മാന്‍, ടയര്‍ ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. കുടുംബവഴക്കാണ് പരസ്പര വെടിവെപ്പിന് കാരണമെന്നാണ് പൊലീസിന് കിട്ടിയ വിവരം.