മഞ്ചേശ്വരം: അനധികൃത മീൻപിടിത്തം തടയുന്നതിെൻറ ഭാഗമായി കസ്റ്റഡിയിലെടുത്ത ബോട്ടിൽ തീരദേശ സ്റ്റേഷനിലെ രണ്ട് സിവില്‍ പൊലീസ് ഓഫിസര്‍മാരെ തട്ടിക്കൊണ്ടുപോയി. തിങ്കളാഴ്ച രാവിലെ 11.30 ഓടെ മഞ്ചേശ്വരം ഹാർബറിന് സമീപമാണ് സംഭവം.
ഷിറിയ തീരദേശ സ്റ്റേഷനിലെ പൊലീസുകാരായ സുധീഷ്, രഘു എന്നിവരെയാണ് മംഗളൂരു ഹാർബറിലേക്ക് തട്ടിക്കൊണ്ടുപോയത്. തീരദേശത്തു നിന്നും 12 നോട്ടിക്കൽ മൈൽ ഉള്ളിൽനിന്ന് ഇതരസംസ്ഥാന ബോട്ടുകൾക്ക് മത്സ്യബന്ധനം നടത്തുന്നതിന് വിലക്കുണ്ട്. ഈ വിലക്ക് മറികടന്ന് മംഗളൂരുവിൽനിന്ന് വന്ന ബോട്ട് മത്സ്യബന്ധനം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരായ മത്സ്യത്തൊഴിലാളികൾ വിവരം തീരദേശ പൊലീസിനെ അറിയിച്ചു.
തുടർന്ന് എസ്.ഐ രാജീവൻ, പൊലീസുകാരായ പ്രജേഷ്, സുധീഷ്, രഘു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മതിയായ രേഖകൾ ഇല്ലെന്ന് കണ്ടെത്തിയതോടെ ബോട്ട് കസ്റ്റഡിയിലെടുത്തു. ഇതിെൻറ ഭാഗമായി സുധീഷ്, രഘു എന്നീ പൊലീസുകാരെ ഈ ബോട്ടിൽ കയറ്റിയതോടെ ഇവരെയുംകൊണ്ട് ബോട്ട് മംഗളൂരുവിലേക്ക് രക്ഷപ്പെടുകയായിരുന്നു.
പിന്നീട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഇടപ്പെട്ട് രണ്ട് പൊലീസുകാരെയും ബോട്ടിൽ നിന്ന് രക്ഷപ്പെടുത്തി റോഡ് വഴി സന്ധ്യയോടെ കേരളത്തിലേക്ക് കൊണ്ടുവന്നു. തട്ടിക്കൊണ്ടുപോയ ബോട്ട് ജീവനക്കാർക്കെതിരെ കേസെടുക്കുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.