ചാകരയെത്തി... മത്സ്യവിപണന കേന്ദ്രങ്ങൾ സജീവം
text_fieldsമഞ്ചേശ്വരം ഹാർബറിൽ ചാകരയിൽ നിറഞ്ഞ മത്തി
മഞ്ചേശ്വരം: മത്സ്യത്തൊഴിലാളികൾക്ക് ഇനി സന്തോഷത്തിന്റെ നാളുകൾ. ബോട്ടുകളിലും വള്ളങ്ങളിലും നിറയെ മീനുകളുമായി തൊഴിലാളികൾ കരതൊട്ട് തുടങ്ങി. ജില്ലയിലെ മത്സ്യ വിൽപന കേന്ദ്രങ്ങൾ സജീവമായി. ഈ സീസണിൽ വലിയ മത്സ്യ ചാകര ലഭിക്കുമെന്ന പ്രതീക്ഷ നേരത്തെ തന്നെ മത്സ്യത്തൊഴിലാളികൾക്കുണ്ടായിരുന്നു. അത് തെറ്റിയില്ല. അയിലയും മത്തിയും ചെമ്മീനും കോലിയും യഥേഷ്ടം മത്സ്യ മാർക്കറ്റുകളിൽ എത്തിത്തുടങ്ങി. മത്സ്യങ്ങളുടെ വരവറിയിച്ചപ്പോൾ വില നന്നേ കുറഞ്ഞത് തൊഴിലാളികൾക്ക് സങ്കടമായെങ്കിലും മത്സ്യാഹാര പ്രേമികൾക്ക് ഇത് ആശ്വാസവുമായി.
മീൻപിടുത്ത തുറമുഖങ്ങളും മീൻ വില്പന ചന്തകളിലും ഇപ്പോൾ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. രാത്രികാലങ്ങളിലും മീൻ വില്പന സ്റ്റാളുകൾ സജീവമായി. മത്തിക്ക് ചില്ലറ വിൽപ്പനയിൽ 200-250 രൂപയാണ് വില. ചെമ്മീൻ സാധാരണ വലുപ്പത്തിന് 250 രൂപയും, വലുത് 500 രൂപയും, അയല ചെറിയ ഇനം 200മുതൽ 300 രൂപക്കും മത്സ്യമാർക്കറ്റുകളിൽ ലഭ്യമാണ്.
പൊടിമീൻ 100 മുതൽ 140 രൂപ വരെ വിലയുണ്ട്. കോലി വലുത് 400 രൂപയും. ചെറിയ ഇനം 200 രൂപയുമാണ് വില. പൊടി മീനിന് ആവശ്യക്കാരേറെയാണ്. തെക്കൻ കേരളത്തിൽ കൊഞ്ചനും വെള്ള ആവോലി(മാഞ്ചി), ചൂര, കിളിമീൻ, സ്രാവ് തുടങ്ങിയവയൊക്കെ ആഴക്കടൽ മത്സ്യബന്ധന തൊഴിലാളികൾക്ക് ലഭിക്കുന്നതാണ് വിവരം. ഇത്തരം മീനുകൾ വൻകിടക്കാർ വാങ്ങി ഇന്ത്യയുടെ സമുദ്രോല്പന്ന കയറ്റുമതിക്കാണ് ഉപയോഗപ്പെടുത്തുന്നത്. ഈയിനങ്ങൾക്ക് നല്ല വിലയും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
