മഞ്ചേശ്വരം: കാലവർഷം ശക്തമായതോടെ ഉപ്പളയിലും സമീപ പ്രദേശങ്ങളിലെയും തീരദേശങ്ങളിൽ കടലാക്രമണം രൂക്ഷമായി. ഉപ്പള മൂസോടി കടപ്പുറത്ത് വ്യാഴാഴ്ചയുണ്ടായ കടലാക്രമണത്തിൽ രണ്ടു വീടുകൾ പൂർണമായും മൂന്നു വീടുകൾ ഭാഗികമായും തകർന്നു. നിരവധി വീടുകൾ അപകട ഭീഷണിയിലാണ്.
മൂസോടി കടപ്പുറത്തെ ഖദീജമ്മ, മറിയുമ്മ എന്നിവരുടെ വീടുകളാണ് പൂർണമായും തകർന്നത്. ഇവരുടെ അയൽവാസികളായ നഫീസ, തസ്ലീമ, ആസ്യമ്മ എന്നിവരുടെ വീടുകളാണ് ഭാഗികമായി തകർന്നത്.
സമീപത്തെ പത്തോളം വീടുകളാണ് അപകട ഭീഷണിയിലാണ്. ഇവരെ ക്യാമ്പിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും ബന്ധു വീട്ടിലേക്ക് പോകാനാണ് താൽപ്പര്യം പ്രകടിപ്പിച്ചതെന്ന് റവന്യു അധികൃതർ പറഞ്ഞു.
ഉപ്പള ശാരദ നഗർ, മണിമുണ്ടെ, ഹനുമാൻ നഗർ എന്നിവിടങ്ങളിലും നിരവധി വീടുകൾ അപകട ഭീഷണിയിലാണ്. ശാരദാ നഗറിലെ ശകുന്തള സാലിയാൻ, സുനന്ദ എന്നിവരുടെ വീട്ടിലേക്ക് വെള്ളം കയറാൻ തുടങ്ങിയിട്ടുണ്ട്.
പൈവളിഗേ പഞ്ചായത്തിലെ ധർത്തടുക്ക-സജങ്കില റോഡിലെ ഗുമ്പെയിൽ കുന്നിടിഞ്ഞു. അപകടം മൂലം സമീപത്തെ ജയരാമ നായിക്കിെൻറ വീട്ടുമതിൽ തകർന്നു. മണ്ണിടിച്ചിൽ മൂലം ഇതുവഴി ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാർ ചേർന്നാണ് മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്.