മരം വീണ് ഓടിക്കൊണ്ടിരുന്ന ഓട്ടോ തകർന്നു
text_fieldsമരം വീണ് തകർന്ന ഓട്ടോ
കുമ്പള: മൊഗ്രാൽ കൊപ്ര ബസാർ ദേശീയപാതയിൽ മരം കടപുഴകി ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്കുമേൽ പതിച്ച് ഓട്ടോ തകർന്നു. ഡ്രൈവറും യാത്രക്കാരും അദ്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി എട്ടു മണിയോടെയാണ് അപകടം. സന്ധ്യയോടെ ആരംഭിച്ച കനത്ത മഴയെ തുടർന്നാണ് അപകടം ഉണ്ടായത്.
ദേശീയപാത നിർമാണത്തോടനുബന്ധിച്ച് നിരപ്പാക്കാൻ കുഴിയെടുത്ത ഭാഗത്തുള്ള മരമാണ് കടപുഴകിയത്. അശാസ്ത്രീയമായ നിർമാണ രീതിയാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു.
അപകടത്തെത്തുടർന്ന് ദേശീയ പാതയിൽ രണ്ടു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഫയർ ഫോഴ്സ് എത്തി മരം മുറിച്ച് രാത്രി പത്തു മണിയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

