വരനെ കണ്ടെത്താമെന്ന് വിശ്വസിപ്പിച്ച് മന്ത്രവാദി പണം തട്ടി; തിരികെ കൊടുപ്പിച്ച് യുവാക്കൾ
text_fieldsകുമ്പള: മന്ത്രവാദം നടത്തി മകള്‍ക്ക് വരനെ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് വീട്ടമ്മയില്‍നിന്ന് 1, 20,000 രൂപ തട്ടിയെടുത്ത മന്ത്രവാദിയെ യുവാക്കള്‍ പിടികൂടി വീട്ടമ്മക്ക് പണം തിരികെ കൊടുപ്പിച്ചു. ഉപ്പളയിലാണ് സംഭവം. ഒരു മാസം മുമ്പ് കുമ്പള സ്വദേശിനിയായ വീട്ടമ്മ മകള്‍ക്ക് വരനെ തരപ്പെടുത്തി നല്‍കണമെന്നാവശ്യപ്പെട്ട് ഉപ്പളയിലെ മന്ത്രവാദിയെ സമീപിക്കുകയായിരുന്നു.
ആദ്യം ഇതിന് ഒരു പൂജ നടത്തണമെന്ന് പറഞ്ഞ് മന്ത്രവാദി 201 രൂപ തന്റെ ഗൂഗ്ള്‍ പേ വഴി ആയക്കാന് ആവശ്യപ്പെടുകയും വീട്ടമ്മ പണം അയക്കുകയും ചെയ്തു. രണ്ട് ദിവസത്തിനുശേഷം മന്ത്രവാദി വീട്ടമ്മയെ ഫോണില്‍ വിളിച്ച് മകള്‍ക്ക് വലിയ ദോഷം കാണുന്നുണ്ടെന്നും ഇത് തീര്‍ക്കാന്‍ 20, 000 രൂപ അയച്ചുതരണമെന്നും ആവശ്യപ്പെടുകയായിരുന്നുവത്രെ.
പിന്നീടും പല കാരണങ്ങള്‍ പറഞ്ഞ് ഒരു ലക്ഷം രൂപ കൂടി കൈക്കലാക്കി. വീണ്ടും ഒന്നര ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടപ്പോള്‍ ഇനി പണം തരാന്‍ പറ്റില്ലെന്ന് വീട്ടമ്മ പറഞ്ഞതോടെ പണം തന്നില്ലെങ്കില്‍ നിങ്ങള്‍ക്കും മക്കള്‍ക്കും വലിയ ആപത്തുണ്ടാകുമെന്ന രീതിയില്‍ ഭയപ്പെടുത്തി. അത് ഞങ്ങള്‍ സഹിച്ചോളാമെന്ന് പറഞ്ഞ് വീട്ടമ്മ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. വീണ്ടും മന്ത്രവാദിയുടെ ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ ഉപ്പളയിലെ രണ്ട് യുവാക്കളോട് സംഭവം അറിയിക്കുകയായിരുന്നു.
യുവാക്കള്‍ മന്ത്രവാദിയുടെ മുറിയിലെത്തി കൈകാര്യം ചെയ്യുകയും പണം ഗൂഗ്ള്‍ പേ വഴി വീട്ടമ്മക്ക് മന്ത്രവാദിയെ കൊണ്ട് തിരിച്ചയപ്പിക്കുകയുമായിരുന്നു. കര്‍ണാടക സ്വദേശിയാണ് മന്ത്രവാദി. വര്‍ഷങ്ങളോളമായി ഉപ്പളയില്‍ ദുര്‍മന്ത്രവാദം നടത്തിവരുന്നതായി നാട്ടുകാര്‍ പറയുന്നു.

