ആരിക്കാടി കോട്ട വികസന പ്രതീക്ഷയിൽ നാട്ടുകാർ
text_fieldsടൂറിസം പ്രതീക്ഷയിൽ ആരിക്കാടി കോട്ട
കുമ്പള: കുമ്പള ഗ്രാമപഞ്ചായത്തിൽ ടൂറിസം വികസനത്തിന് ഏറെ സാധ്യതയുള്ള ആരിക്കാടി കോട്ട വികസന പ്രതീക്ഷയിൽ. കോട്ടയിൽ രണ്ട് പ്രാവശ്യമാണ് ജില്ല കലക്ടർ സന്ദർശനം നടത്തിയത്. ആദ്യം കോട്ട സന്ദർശിച്ച ജില്ല കലക്ടർ രണ്ടാം ഘട്ടത്തിൽ ലോക സൈക്കിൾ ദിനത്തിൽ ജില്ലയിലെ കോട്ടകൾ കേന്ദ്രീകരിച്ച് നടത്തിയ സൈക്കിൾ റാലിയിലാണ് സമാപനം ആരിക്കാടി കോട്ടയിൽ നടത്തിയത്. ജില്ല കലക്ടർക്ക് വലിയ സ്വീകരണമാണ് കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ആരിക്കാടി കോട്ടയിൽ നൽകിയതും. ടൂറിസം വികസനത്തിൽ കലക്ടർ അർജുൻ പാണ്ഡ്യന്റെ ഇടപെടൽ ജില്ലയിലെ ടൂറിസം മേഖലകളിൽ പുത്തനുണർവാണ് നൽകിയത്. കാലങ്ങളായി ടൂറിസം വികസനത്തിൽ അവഗണിച്ചുപോരുന്ന പ്രധാന പ്രദേശങ്ങളൊക്കെ കലക്ടർ ഇതിനകം സന്ദർശനം നടത്തിക്കഴിഞ്ഞു. ചിലയിടങ്ങളിൽ തുടർനടപടികൾക്ക് നിർദേശവും നൽകിയിട്ടുണ്ട്.
കുമ്പള ഗ്രാമപഞ്ചായത്തിന് തൊട്ടടുത്തായി കേവലം ഒരു കിലോമീറ്ററിനുള്ളിൽ സ്ഥിതിചെയ്യുന്നതാണ് ചരിത്രമുറങ്ങുന്ന ആരിക്കാടി കോട്ട. ഇവിടെ പതിറ്റാണ്ടു കാലമായി ടൂറിസം പദ്ധതികൾക്കായുള്ള മുറവിളി ഉയരുകയാണ്. പുരാവസ്തു വകുപ്പിന് കീഴിലുള്ളതാണ് ആരിക്കാടി കോട്ട. ടൂറിസം വികസനവുമായി ബന്ധപ്പെട്ട് നേരത്തേ നിരവധി തവണ പുരാവസ്തു വകുപ്പ് അധികൃതർ ആരിക്കാടി കോട്ട സന്ദർശിച്ചിരുന്നതുമാണ്. അതിനിടെ കോട്ടയുടെ ഒരു ഭാഗം സ്വകാര്യ വ്യക്തി കൈയേറിയത് ഉൾപ്പെടെ മുൻ വർഷങ്ങളിൽ വാർത്തയായിരുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി കോട്ടയുടെ മുൻവർഷം ദേശീയപാത അതോറിറ്റിയും കുറച്ച് ഭാഗം ഏറ്റെടുത്തിരുന്നു. ശേഷിക്കുന്ന ഒരേക്കറോളം വരുന്ന സ്ഥലത്താണ് ആരിക്കാട്ടി കോട്ട ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. സംരക്ഷണമില്ലാതെ ഇപ്പോൾ ആരിക്കാടി കോട്ട കാടുമൂടിക്കിടക്കുന്നു.
ചെർക്കളം അബ്ദുല്ല തദ്ദേശ സ്വയംഭരണ മന്ത്രിയായിരിക്കെ ആരിക്കാടി കോട്ടയിൽ ‘കലാ ഗ്രാമം ടൂറിസം പദ്ധതി’ നടപ്പാക്കാൻ ഒരു ശ്രമം നടത്തിയിരുന്നു. ഉദ്യോഗസ്ഥ തലത്തിലെ അലംഭാവവും ഭരണമാറ്റവും മൂലം അന്ന് ആ പദ്ധതി നടക്കാതെ പോയി. പിന്നീട് കുമ്പള ഗ്രാമപഞ്ചായത്ത് സംസ്ഥാന ടൂറിസം വകുപ്പിന് വിവിധ പദ്ധതികളുടെ രൂപരേഖ തയാറാക്കി ടൂറിസം വകുപ്പിന് സമർപ്പിച്ചിരുന്നുവെങ്കിലും ഒന്നിലും തുടർനടപടികൾ ഉണ്ടായില്ല. ടൂറിസം പദ്ധതി യാഥാർഥ്യമായാൽ അത് കുമ്പളയുടെ സമഗ്ര വികസനത്തിനും പഞ്ചായത്തിന് നല്ല വരുമാനത്തിനുള്ള സാഹചര്യവും ഒരുങ്ങുമെന്ന് കുമ്പളയിലെ വ്യാപാരികളും നാട്ടുകാരും പറയുന്നു. അതിന് തുടർനടപടികൾ വേഗത്തിലാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

