അനധികൃത മണലെടുപ്പ്: തോണികൾ നശിപ്പിച്ചു
text_fieldsതോണികൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നശിപ്പിക്കുന്നു
കുമ്പള: അനധികൃതമായി മണലെടുക്കാൻ ഉപയോഗിക്കുന്ന തോണികൾ പൊലീസ് പിടികൂടി നശിപ്പിച്ചു. ഷിറിയ പുഴയോരത്താണ് സംഭവം. പൊലീസിന്റെ കണ്ണിൽപെടാതിരിക്കാനായി വെള്ളത്തിൽ മുക്കിവെച്ചിരിക്കുകയായിരുന്നു തോണികൾ.
വിവിധ കടവുകളിൽ നിന്നായി ഏഴു തോണികളാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നശിപ്പിച്ചത്. ഡിവൈ.എസ്.പി വി. വി. മനോജ്, സി.ഐ. പി. പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കടവുകളിൽ പരിശോധന നടത്തിയത്. രണ്ടു പേർക്കെതിരെ കേസെടുത്തു.
രാത്രി മണലെടുത്ത ശേഷം തോണികൾ പൊലീസ് കാണാതിരിക്കാൻ പുഴയിൽ തന്നെ മുക്കിവെക്കുകയാണ് പതിവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പി.കെ. നഗറിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച മൂന്ന് ടൺ മണൽ പിടികൂടി പുഴയിലേക്ക് തള്ളി. ഇനിയുള്ള ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും പൊലീസ് അറിയിച്ചു. എ.എസ്.ഐ വി.കെ. അനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ വി.കെ. ഇല്യാസ്, പവിത്രൻ നടക്കാവ്, സിവിൽ പൊലീസ് ഓഫിസർ വിനോദ് കുമാർ, ദീപു അതിയാമ്പൂർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

