ലേല നടപടികൾ നീങ്ങുന്നില്ല; കുമ്പള സ്റ്റേഷൻ പരിസരത്ത് വാഹനങ്ങൾ തുരുമ്പെടുക്കുന്നു
text_fieldsകുമ്പള പൊലീസ് സ്റ്റേഷന്
സമീപത്ത് വാഹനങ്ങൾ
തുരുമ്പെടുത്ത നിലയിൽ
മൊഗ്രാൽ: ലേല നടപടികൾ നീങ്ങാത്തതിനെ തുടർന്ന് കുമ്പള പൊലീസ് പിടികൂടിയ വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു. സ്കൂൾ മൈതാനത്തിന് ചുറ്റും കാടുമൂടി നശിക്കുന്ന വാഹന കൂമ്പാരമാണുള്ളത്. കുമ്പള പൊലീസ് വിവിധ കേസുകളിലായി പിടിച്ചെടുക്കുന്ന വാഹനങ്ങളാണിത്. സ്റ്റേഷൻ വളപ്പിനകത്ത് സൗകര്യമില്ലാത്തതിനാലാണ് സ്കൂൾ മൈതാനത്തിന് സമീപം വാഹനങ്ങൾ കൊണ്ടിടുന്നത്.
ആക്രി കച്ചവടക്കാർക്കു പോലും വേണ്ടാത്തവിധം വാഹനങ്ങൾ കാടുകയറിയും തുരുമ്പെടുത്തും നശിക്കുന്നു. പൊലീസ് അധികാരികൾ ഇടപെട്ട് വാഹനങ്ങളൊഴിവാക്കാൻ ലേലനടപടികൾ നടത്തിയതാണ്. ചുരുക്കം വാഹനങ്ങൾ മാത്രമാണ് അന്ന് വിവിധ സ്റ്റേഷനുകളിലായി ലേലത്തിൽ വിറ്റത്. സർക്കാറിലേക്ക് നല്ലൊരു വരുമാനവും ഇതുവഴി ലഭിച്ചിരുന്നു. ഇതിന് തുടർനടപടികൾ ഉണ്ടാകുന്നില്ല. പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ പെരുപ്പം കാരണം കുമ്പള സ്റ്റേഷൻ പരിസരം വാഹനങ്ങളുടെ ശ്മശാനമായി മാറിയിട്ടുണ്ട്.
കുമ്പളയിൽ നശിക്കുന്ന വാഹനങ്ങളേറെയും മണൽ കൊള്ളയുമായി ബന്ധപ്പെട്ട് പിടിച്ചെടുക്കുന്ന ടിപ്പർ ലോറികളും ടെമ്പോകളുമാണ്. ലഹരി കേസുകളിൽ പിടിച്ചെടുത്ത കാറുകളുമുണ്ട്. വാഹനാപകടത്തിൽപെട്ട് പൂർണമായും തകർന്ന വാഹനങ്ങൾ വേറെയും. ഇവയിൽ പലതും തുരുമ്പെടുത്ത് നശിച്ചു.
കാടുകയറി നശിക്കുന്ന വാഹന കൂമ്പാരങ്ങൾക്കിടയിൽ ഇഴജന്തുക്കൾ ഉള്ളത് സ്കൂൾ വിദ്യാർഥികൾക്ക് ഭീഷണി സൃഷ്ടിക്കുന്നു. നേരത്തെ ഇവിടെയുണ്ടായിരുന്ന പൊതുമരാമത്ത് വകുപ്പിന്റെ പഴകി ദ്രവിച്ച റെസ്റ്റ് ഹൗസ് കെട്ടിടം പൊളിച്ചുമാറ്റിയ അവശിഷ്ടവും ഇവിടെത്തന്നെയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.